പത്തനാപുരം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പത്തനാപുരം താലൂക്ക് നിവാസികൾ വലയുന്നു. താലൂക്ക് ലഭിച്ചെങ്കിലും നിരവധി ആവശ്യങ്ങൾക്ക് മലയോരനിവാസികളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഫയർസ്റ്റേഷൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, സബ് ആർ.ടി ഓഫിസ്, കോടതി, താലൂക്കാശുപത്രി, ശബരിമല ഇടത്താവളം, കെ.എസ്.ആർ.ടി.സി ഡിപ്പോ വികസനം, മാലിന്യസംസ്കരണ പ്ലാൻറ്, പൊതുശ്മശാനം, വൺവേ റോഡ്, റിങ് റോഡ്, മാർക്കറ്റ് വികസനം, വാട്ടർ അതോറിറ്റി പി.എച്ച് സെക്ഷൻ ഓഫിസ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടത്തുകാർ ഉന്നയിക്കുന്നത്. ഫയർ സ്റ്റേഷന് അനുമതിയായി കെട്ടിടങ്ങളും വാഹനങ്ങൾക്ക് ഷെഡും പണിതെങ്കിലും ഉദ്ഘാടനം മാത്രം നടന്നില്ല. മൂന്നുപ്രാവശ്യം ഉദ്ഘാടനം മാറ്റി. പത്തനാപുരം നിയോജകമണ്ഡലത്തിലെ സ്കൂളുകൾ കുളക്കട, കൊട്ടാരക്കര, പുനലൂർ വിദ്യാഭ്യാസ ഉപജില്ലകളിലായി വ്യാപിച്ചുകിടക്കുകയാണ്. വിവിധ ആവശ്യങ്ങൾക്ക് രണ്ടും മൂന്നും ബസ് കയറിയിറങ്ങേണ്ട അവസ്ഥയിലാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും. താലൂക്ക് വന്നതോടെ കോടതികളും സ്ഥാപിക്കേണ്ടിയിരിക്കുന്നു. ശബരിമല തീർഥാടകർക്ക് ഇടത്താവളം നിർമിക്കുമെന്നത് പത്തനാപുരം ബ്ലോക് ഗ്രാമപഞ്ചായത്തുകളുടെ വർഷങ്ങളായുള്ള പ്രഖ്യാപനമാണ്. കല്ലുംകടവ് തോടിന് സമീപത്ത് ഇതിനുവേണ്ട സൗകര്യമൊരുക്കാനാകും. കുടിവെള്ളപ്രശ്നം രൂക്ഷമായ മലയോര മേഖലയിൽ വാട്ടർ അതോറിറ്റിയുടെ പി.എച്ച് സെൻറർ തുടങ്ങണമെന്ന ആവശ്യത്തിനും പഴക്കമേറെയാണ്. ജില്ലയിലും സമീപ ജില്ലകളിലുമടക്കമുള്ള കുടുംബ കോടതികളിൽ ഏറ്റവും കൂടുതൽ കേസുകൾ മലയോര മേഖലകളിൽനിന്നാണ് വരുന്നത്. ഇതിനാലാണ് പത്തനാപുരത്ത് കുടുംബ കോടതി വേണമെന്ന ആവശ്യം ശക്തമായത്. നിലവിലെ സി.എച്ച്.സി താലൂക്കാശുപത്രിയാക്കേണ്ടതും അത്യാവശ്യമാണ്. ചികിത്സാ സൗകര്യം പരിമിതമായ മലയോരത്തെ ഏക ആശ്രയം കമ്യൂണിറ്റി ഹെൽത്ത് സെൻററാണ്. ഇവിടെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഇത് താലൂക്കാശുപത്രിയായി ഉയർത്തണം. അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ എത്തുന്ന പത്തനാപുരത്ത് ശബരിമല ഇടത്താവളം വേണമെന്ന ആവശ്യത്തിനും ദീർഘനാളത്തെ പഴക്കമുണ്ട്. പൊതുകളിസ്ഥലമില്ലാത്തതും അപര്യാപ്തത തന്നെയാണ്. ദശാബ്ദങ്ങൾ പഴക്കമുള്ള നിരവധി ക്ലബുകൾ ഉണ്ടെങ്കിലും പ്രാക്ടീസ് ചെയ്യാൻ കളിസ്ഥലമില്ല. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് വികസനവും നിരവധി നൂലാമാലകളിൽ കുരുങ്ങിക്കിടക്കുകയാണ്. പത്തനാപുരം താലൂക്കാസ്ഥാനം കേന്ദ്രമാക്കി സബ് ആർ.ടി ഓഫിസ് ആരംഭിക്കണമെന്നും ദീർഘകാല ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.