"ഈച്ച'പോലും പറക്കില്ല; പഴുതില്ലാത്ത സുരക്ഷ

കൊല്ലം: പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തോടനുബന്ധിച്ച് കൊല്ലം നഗരം സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍െറയും (എസ്.പി.ജി) കേരള പൊലീസിന്‍െറയും സുരക്ഷാ വലയത്തിലായി. സിറ്റി പൊലീസ് കമീഷണറടക്കം എസ്.പി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്കാണ് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ സുരക്ഷാ ചുമതല. മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസിന്‍െറ പ്രതിഷേധം തുടരുന്നതിനാല്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 1300ല്‍ നിന്ന് 1500 ആക്കി. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിനാണ് സുരക്ഷയുടെ പൊതുചുമതല. ഹെലികോപ്ടര്‍ ഇറങ്ങുന്ന ആശ്രാമം മൈതാനത്തിന്‍െറ ചുമതല കണ്ണൂര്‍ കെ.എ.പി കമാന്‍ഡന്‍റ് കെ.പി. ഫിലിപ്പിനാണ്. ആശ്രാമം മുതല്‍ വേദി വരെയുള്ള പാതയിലെ സുരക്ഷാ മേല്‍നോട്ടം ക്രൈംബ്രാഞ്ച് എസ്.പി ടി.എഫ്. സേവ്യര്‍ക്കാണ്. പൊലീസ് ട്രെയ്നിങ് കോളജ് ്പ്രിന്‍സിപ്പല്‍ അജിതാ ബീഗത്തിനാണ് എസ്.എന്‍ കോളജിലെ വേദിയുടെ സംരക്ഷണം. ഡി.ഐ.ജി വിവേകാനന്ദ്, രണ്ട് എ.ഐ.ജിമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എസ്.പി.ജി കൊല്ലത്തുള്ളത്. ഡി.ജി.പി ടി.പി. സെന്‍കുമാര്‍, എ.ഡി.ജി.പി കെ. പത്മകുമാര്‍, ഐ.ജി മനോജ് എബ്രഹാം എന്നിവരും നഗരത്തിലുണ്ടാവും. ആശ്രാമം മൈതാനവും എസ്.എന്‍ കോളജും എസ്.പി.ജിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഇവിടേക്ക് ആരെയും കയറ്റിവിടില്ല. നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ചിന്നക്കട മേല്‍പ്പാലം വഴിയാണ് സഞ്ചരിക്കുക. യാത്രക്ക് കടപ്പാക്കട വഴി ബദല്‍ റോഡുകളും പരിഗണിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ റോഡുകളുടെയും വശങ്ങള്‍ ബാരിക്കേഡ് കെട്ടി സുരക്ഷിതാമാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ ആശ്രാമം ഗെസ്റ്റ് ഹൗസ്, പൊലീസ് ക്ളബ്, ശ്രീനാരായണാ ലീഗല്‍ സ്റ്റഡീസ് പ്രിന്‍സിപ്പലിന്‍െറ മുറി എന്നിവിടങ്ങളില്‍ പ്രധാനമന്ത്രിക്ക് വിശ്രമത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.