മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം രാംകുമാര്‍ ടജന്‍ നാട്ടിലേക്ക് മടങ്ങി

ഇരവിപുരം: മനോനില തകര്‍ത്ത ഭൂതകാലത്തിന് വിട നല്‍കി മൂന്നുവര്‍ഷത്തെ ഇടവേളക്ക്ശേഷം രാംകുമാര്‍ ടജന്‍ എന്ന 43 കാരന്‍ മകനോടൊപ്പം നാട്ടിലേക്ക് മടങ്ങി. ഛത്തിസ്ഗഢിലെ റായ്പൂര്‍ ഖൈരാഗഢ് സ്വദേശിയായ രാംകുമാറിന് ഇനിയുള്ള ജീവിതം മക്കള്‍ക്കൊപ്പം. മയ്യനാട് എസ്.എസ് സമിതിയിലെ മൂന്നുവര്‍ഷത്തെ ജീവിതം ഇയാള്‍ക്ക് എല്ലാം ഓര്‍ത്തെടുക്കാനുള്ള കരുത്തേകി. വീടും വിലാസവും മക്കളുടെ വിവരവും കൃത്യമായി പറഞ്ഞതാണ് മടക്കയാത്രക്ക് അവസരം ഒരുക്കിയത്. കൃഷിപ്പണിക്കാരനായിരുന്ന രാംകുമാറിനെ 2012 ലാണ് നാട്ടില്‍നിന്ന് കാണാതായത്. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാളെ കാണാതായതോടെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങുകയും കുടുംബം പോറ്റാന്‍ മൂത്തമകന്‍ കൃഷിപ്പണിക്കിറങ്ങുകയുമായിരുന്നു. 2012 നവംബര്‍ 28നാണ് ചവറ കോയിവിള ഭാഗത്ത് അലഞ്ഞുതിരിയുകയായിരുന്ന ഇയാളെ കോയിവിള നിവാസികള്‍ മയ്യനാട് എസ്.എസ് സമിതിയില്‍ എത്തിച്ചത്. എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ മയ്യനാട് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി നടത്തിയ ചികിത്സയില്‍ മനോനില വീണ്ടുകിട്ടുകയും മേല്‍വിലാസം സമിതി അധികൃതര്‍ക്ക് നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് സമിതിയില്‍നിന്ന് മാത്യു വാഴക്കുളം റായ്പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലത്തെി വിലാസം കണ്ടുപിടിച്ച് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. മൂത്തമകന്‍ രാജുടെജനും സഹോദരീഭര്‍ത്താവായ ലകേന്ദ്ര സിന്‍മാറും ശനിയാഴ്ച എസ്.എസ് സമിതിയിലത്തെി തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ പിതാവിനെ അഭയ കേന്ദ്രത്തില്‍ കണ്ടുമുട്ടിയപ്പോള്‍ രാജുടെജന് സന്തോഷമടക്കാനായില്ല. തന്നെ മൂന്നുവര്‍ഷം സംരക്ഷിച്ച് പുതുജീവന്‍ നല്‍കിയ എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യറിനും അന്തേവാസികള്‍ക്കും സമിതി പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന നന്ദിപറഞ്ഞ് രാംകുമാര്‍ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.