മനുഷ്യനെ അംഗീകരിക്കാന്‍ ഇടയാക്കിയത് ഗുരുദര്‍ശനങ്ങള്‍ –എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: ദൈവത്തിന്‍െറ പേരില്‍ ഒരുകാലത്ത് മനുഷ്യന്‍െറ സര്‍വ അവകാശങ്ങളും നീതിയും നിഷേധിച്ചിരുന്ന കാലത്തുനിന്ന് മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാനും അവന്‍െറ അവകാശങ്ങള്‍ ലഭിക്കാനും ഇടയാക്കിയത് ഗുരുവിന്‍െറ ദര്‍ശനങ്ങളാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍െറയും ശ്രീനാരായണ ട്രസ്റ്റിന്‍െറയും ആഭിമുഖ്യത്തില്‍ നടന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയെക്കുറിച്ചുപോലും സത്യസന്ധമായ വിശകലനമാണ് ഗുരുവില്‍നിന്നുണ്ടായത്. അന്ധകാരവും അപരിഷ്കൃതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിയ കാലഘട്ടത്തിലാണ് ഗുരു വിപ്ളവവുമായി ഇറങ്ങിയത്. ചോര ചിന്താതെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതെ ഗുരു നിശ്ശബ്ദമായ ഒരു വിപ്ളവത്തിനാണ് നേതൃത്വം നല്‍കിയത്. ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും ഗുരുചിന്തകള്‍ ഇപ്പോഴും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്‍റ് മോഹന്‍ശങ്കര്‍ അധ്യക്ഷതവഹിച്ചു. പി.കെ ഗുരുദാസന്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. സെക്രട്ടറി എന്‍. രാജേന്ദ്രന്‍, വൈസ്പ്രസിഡന്‍റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണന്‍, ബോര്‍ഡ് മെംബര്‍മാരായ ആനേപ്പില്‍ എ.ഡി. രമേശ്, ഉളിയക്കോവില്‍ ശശി, അഡ്വ. കെ. ധര്‍മരാജന്‍, ആര്‍.ഡി.സി ചെയര്‍മാന്‍ മഹിമാ അശോകന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.