ഓണം വന്നിട്ടും പഞ്ഞം മാറാതെ കെ.എസ്.ആര്‍.ടി.സി

കൊല്ലം: ആവശ്യത്തിന് ബസും സ്പെയര്‍പാര്‍ട്സും ഇല്ലാത്തതും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കാത്തതും മൂലം ദിനംപ്രതി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കുന്നത് 125 ഓളം സര്‍വിസുകള്‍. ഓണം എത്തിയിട്ടും പുതിയ ബസുകള്‍ അനുവദിക്കാനോ കട്ടപ്പുറത്തായ ബസുകളുടെ അറ്റകുപ്പണി നടത്താനോ നടപടിയില്ല. കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവും കൂടുതല്‍ കലക്ഷന്‍ കിട്ടുന്ന സമയമാണ് ഓണം ഉള്‍പ്പെട ആഘോഷവേളകള്‍. എന്നാല്‍, 16,000 രൂപക്ക് മുകളില്‍ പ്രതിദിന കലക്ഷന്‍ ലഭിക്കുന്ന ബസ് 500 രൂപയുടെ സ്പെയര്‍ പാര്‍ട്സ് എത്താത്തതിനാല്‍ ആഴ്ചകളായി കട്ടപ്പുറത്തിരിക്കുന്ന അവസ്ഥയാണ്ഡിപ്പോകളില്‍. കൊല്ലം ഡിപ്പോയില്‍ 134 ഷെഡ്യൂളുകളാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, 95 ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. ബാക്കി 39 എണ്ണവും കട്ടപ്പുറത്ത്. വണ്ടിയും വര്‍ക്ഷോപ് ജീവനക്കാരും ഡിപ്പോയിലുണ്ടെങ്കിലും സ്പെയര്‍ പാര്‍ട്സുകള്‍ മാത്രം എത്തുന്നില്ല. കൊട്ടാരക്കര ഡിപ്പോയില്‍ 124 ഷെഡ്യൂളുകളാണുള്ളത്. ഇവയില്‍ 96 ഷെഡ്യൂളുകളാണ് ദിനേന നിരത്തിലിറങ്ങുന്നത്. ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പടെ ഷെഡ്യൂളുകള്‍ കടലാസിലുണ്ടെങ്കിലും ബസുകള്‍ അനുവദിക്കാത്തതാണ് പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. അതേസമയം, കട്ടപ്പുറത്തായ ബസുകളില്‍ പരമാവധി എങ്ങനെയെങ്കിലുമൊക്കെ അറ്റകുറ്റപണി നടത്തി തിങ്കളാഴ്ച ദിവസങ്ങളില്‍ നിരത്തിലിറക്കാന്‍ ഡിപ്പോ അധികൃതര്‍ ശ്രമിക്കാറുണ്ട്. അന്നത്തെ ടിക്കറ്റ് കലക്ഷനില്‍ കാര്യമായ വര്‍ധന ഉണ്ടാകാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ചടയമംഗലം ഡിപ്പോയിലെ 59 ഷെഡ്യൂളുകളില്‍ ഒമ്പതെണ്ണം നിരത്തിലിറങ്ങാറേ ഇല്ല. ഏഴ് സൂപ്പര്‍ഫാസ്റ്റ് സര്‍വിസുകളുണ്ടായിരുന്നെങ്കിലും ഒരു സര്‍വിസ് ബസില്ലാത്തതിനാല്‍ നിലച്ചിരിക്കുകയാണ്. ചാത്തന്നൂര്‍ ഡിപ്പോയില്‍ 60 ഷെഡ്യൂളുകളില്‍ 50 എണ്ണം മാത്രമാണ് സര്‍വിസ് നടത്തുന്നത്. കരുനാഗപ്പള്ളി ഡിപ്പോയില്‍ 92 സര്‍വിസുകളാണ് അനുവദിച്ചിരിക്കുന്നത്. ബസുകളില്ലാത്തതിനാല്‍ 70 എണ്ണം പോലും നിരത്തിലിറക്കാന്‍ കഴിയുന്നില്ല. പുനലൂര്‍ ഡിപ്പോയില്‍ 72 ഷെഡ്യൂളുകള്‍ക്ക് 70 ബസുകള്‍ മാത്രമാണനുവദിച്ചിട്ടുള്ളത്. അതില്‍ 60 എണ്ണമേ സര്‍വിസിന് യോഗ്യമായതുള്ളൂ.പത്തനാപുരം ഡിപ്പോയില്‍ 49 ഷെഡ്യൂളുകളില്‍ 45 എണ്ണമാണ് സര്‍വീസ് നടത്തുന്നത്. ഹൈറേഞ്ച് മേഖലയിലെ ബസുകളില്‍ ഭൂരിഭാഗവും ആക്സിലൊടിഞ്ഞും ബ്രേക്ക് ഡൗണുമായി പാതി വഴിയില്‍ സര്‍വിസ് മുടങ്ങുന്നതും പതിവാണ്. സ്പെയര്‍പാര്‍ട്സ് ക്ഷാമം രൂക്ഷമായതിനാല്‍ കട്ടപ്പുറത്തുള്ള ബസുകളുടെ സാമഗ്രികള്‍ ഉപയോഗിച്ചാണ് ശേഷിക്കുന്ന ഷെഡ്യൂളുകള്‍ മിക്കയിടത്തും ഓടിക്കുന്നത്. കാര്യക്ഷമമായി സര്‍വിസുകള്‍ നടത്തിയിരുന്നെങ്കില്‍ ഓണംസീസണില്‍ പ്രതിദിന കലക്ഷനില്‍ ലക്ഷങ്ങളുടെ വര്‍ധനയാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കേണ്ടിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.