കാട്ടാക്കട: പാറ പൊട്ടിക്കുന്നതിനിടെ കൂറ്റന്‍ പാറ ഉരുണ്ട് വീണുണ്ടായ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കാട്ടാക്കട മൂങ്ങോട് മണലി റോഡരികത്ത് വീട്ടില്‍ റോബര്‍ട്ട് (43)ദുരിതക്കയത്തില്‍. ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല മലപ്പനംകോട് ഉലവൂര്‍ക്കോണം വീട്ടില്‍ ജോസഫ് (57) ഗുരുതര പരിക്കേറ്റ് തല്‍ക്ഷണം മരിച്ചിരുന്നു. കഴിഞ്ഞ ജനുവരി 15ന് മണലിയില്‍ പാറമടയില്‍ യന്ത്രം ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനിടെ 30 അടിയോളം ഉയരത്തില്‍നിന്ന് പാറ അടര്‍ന്നുവീഴുകയായിരുന്നു. തലേദിവസം പൊട്ടിച്ച പാറ നീക്കം ചെയ്യാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അരമണിക്കൂറോളം പരിശ്രമിച്ചാണ് അന്ന് പാറക്കെട്ടിനിടയില്‍നിന്ന് ഇവരെ പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ റോബര്‍ട്ടിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ മാസങ്ങള്‍ നീണ്ടതോടെ കുടുംബം വന്‍ കടബാധ്യതയിലായി. സമീപവാസികള്‍ ഏറെ സഹായിച്ചു. നട്ടെല്ലിന് ക്ഷതമേറ്റ റോബര്‍ട്ടിന് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കരിങ്കല്‍ചീള് തറച്ച് ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായി നഷ്ടമായി. ഒടിഞ്ഞ കൈകള്‍ യഥാസമയം ചികിത്സിക്കാത്തതിനാല്‍ അതേ അവസ്ഥയില്‍ ഊറിപ്പിടിച്ചു. റോബര്‍ട്ടിന്‍െറ ഭാര്യ അനിത തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭര്‍ത്താവ് കിടപ്പായതോടെ ഇവര്‍ക്ക് പണിക്ക് പോകാനും കഴിയുന്നില്ല.മക്കളായ അനന്ദു (12) ഐശ്വര്യ (11) സുജിത്ത് (ഒമ്പത്) എന്നിവരുടെ വിദ്യാഭ്യാസ ചെലവും വഹിക്കാന്‍ പറ്റാത്ത നിലയാണ്. റോബര്‍ട്ടിന്‍െറ ചികിത്സയും കുട്ടികളുടെ പഠനവും നിലയ്ക്കുമെന്ന സ്ഥിതിയായപ്പോള്‍ സുമനസ്സുകളുടെ സഹായത്തിനായി കാട്ടാക്കട ഫെഡല്‍ ബാങ്കില്‍ അനിതയുടെ പേരില്‍ 15490100094107 അക്കൗണ്ട് തുറന്നിട്ടുണ്ട്.(ഐ.എഫ്.എസ്.സി.കോഡ് FDRL001549).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.