ആലപ്പുഴ: ജില്ലയിലെ വിവിധ ബാങ്കുകൾ വഴി കഴിഞ്ഞ സാമ്പത്തികവർഷം 10,557 കോടി രൂപ വായ്പ നൽകിയതായി ജില്ലതല ബാങ്കിങ് അവലോകന സമിതി അറിയിച്ചു. ഇതിൽ 7843 കോടി രൂപ മുൻഗണന വിഭാഗത്തിനാണ് നൽകിയത്. കാർഷികവായ്പ ഇനത്തിൽ 4894 കോടിയും കാർഷികേതര വായ്പയായി 1127 കോടിയും അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം ബാങ്കുകളുടെ നിക്ഷേപം 31,669 കോടിയിൽനിന്ന് 35,271 കോടിയായി വർധിച്ചു. 11 ശതമാനമാണ് വർധന. ബാങ്ക് വായ്പയിലും ഇക്കാലയളവിൽ വൻവർധനയാണുണ്ടായത്. പ്രളയദുരിതാശ്വാസ പദ്ധതിയായ ആർ.കെ.എൽ.എസ് പദ്ധതിയിൽ കുടുംബശ്രീ അംഗങ്ങൾക്കായി 418 കോടി നൽകിയിട്ടുണ്ട്. 47,277 അംഗങ്ങൾക്കാണ് വായ്പ നൽകിയത്. ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വായ്പ നൽകിയത് ആലപ്പുഴ ജില്ലയാണ്. കർഷകർക്ക് ആശ്വാസമായി പി.ആർ.എസ് സ്കീമിൽ 456 കോടിയും നൽകി. 63,981 കർഷകർക്കാണ് ഇതിൻെറ ആനുകൂല്യം ലഭിച്ചത്. കലക്ടർ അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. തനിക്ക് ലഭിക്കുന്ന പരാതികളിൽ 20 ശതമാനത്തിലധികം ബാങ്കുകളുമായി ബന്ധപ്പെട്ടതാണെന്നും അധികൃതർ ഇത് ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ജയതീർഥ് വി. ജയ്നാപുർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസി. ജനറൽ മാനേജർ പി.വി മനോഹരൻ, നബാർഡ് ഡി.ഡി.എം രഘുനാഥൻപിള്ള, ലീഡ് ബാങ്ക് ജില്ല മാനേജർ വി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.