കലഹം മാറുന്നില്ല; കലങ്ങിത്തെളിയാതെ സീറോ മലബാർ സഭ

കൊച്ചി: സീറോ മലബാർ സഭയിൽ ഒരു വർഷത്തിലധികമായി തുടരുന്ന അഭിപ്രായഭിന്നതയും കലഹവും വീണ്ടും മൂർച്ഛിക്കുന്നു. എറ ണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചുനൽകാനുള്ള തീരുമാനമാണ് ഒടുവിൽ വിവാദത്തിന് തിരികൊളുത്തിയത്. കർദിനാളിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അൽമായ സംഘടന സഭ സുതാര്യസമിതിയും ഒരുവിഭാഗം വൈദികരും രംഗത്തെത്തിയതോടെ വിവാദത്തിന് ശക്തികൂടി. ഒരുവർഷം മുമ്പ് അതിരൂപതയുടെ വിവാദ ഭൂമിയിടപാടുകളാണ് സഭയിൽ ചേരിതിരിവിന് വഴിവെച്ചത്. തുടർന്ന്, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഭരണച്ചുമതലയിൽനിന്ന് നീക്കുകയും മാർ ജേക്കബ് മനത്തോടത്തിനെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു. ഇതിനിടെ, വ്യാജരേഖ കേസ് ഉൾപ്പെടെ വലിയ വിവാദങ്ങളായി. ഭൂമിയിടപാടിൽ പ്രതിപ്പട്ടികയിലുള്ള കർദിനാൾ കുറ്റമുക്തനാകും മുമ്പുതന്നെ ഭരണച്ചുമതലയിൽ തിരിച്ചെത്തിയതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. മാർപാപ്പയുടെ ഉത്തരവെന്ന നിലയിൽ അതിരൂപത പുറത്തിറക്കിയ തീരുമാനത്തിൻെറ വിശ്വാസ്യതയെയും വൈദികർ ചോദ്യംചെയ്യുകയാണ്. ഭൂമിയിടപാടിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട വൈദികർക്കെതിരെ നടപടിയില്ലെന്നിരിക്കെ ഇവരെ പിന്തുണച്ച രണ്ട് സഹായ മെത്രാന്മാരെ നീക്കിയത് പ്രതികാരനടപടി മാത്രമാണെന്നാണ് വിമതവിഭാഗം വൈദികരുടെ ആരോപണം. കർദിനാളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കിയതോടെ പ്രശ്നങ്ങൾ ഉടനെയൊന്നും കലങ്ങിത്തെളിയില്ലെന്ന് വ്യക്തമായി. ആഗസ്റ്റിൽ നടക്കുന്ന സിനഡുവരെയാണ് സഹായമെത്രാന്മാരെ മാറ്റിനിർത്തിയത്. അതുവരെ അതിരൂപതയിൽ ഏതെങ്കിലും സ്ഥലംമാറ്റത്തെയോ മറ്റുമാറ്റങ്ങളെയോ അംഗീകരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് വിമത വൈദികർ. ഭരണച്ചുമതല മാർ ആലഞ്ചേരിക്ക് തിരിച്ചുനൽകാനുള്ള ഓറിയൻറൽ കോൺഗ്രിഗേഷൻ തീരുമാനത്തെ മാർപാപ്പയുടെ നടപടിയായി വ്യാഖ്യാനിെച്ചന്നാണ് സഭ സുതാര്യസമിതിയുടെ ആരോപണം. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ ആഗസ്റ്റിൽ നടക്കാനിരിക്കുന്ന സഭ സിനഡ് നിർണായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.