ആലഞ്ചേരിക്ക് വീണ്ടും ചുമതല നൽകിയതിനെതിരെ വൈദികർ

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിവിൽപന വിവാദത്തെ തുടർന്ന് മാറ്റിനിർത്തിയിരുന്ന മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല വീണ്ടും നൽകിയതിനെിരെ വൈദികർ രംഗത്ത്. ദൗത്യനിര്‍വഹണം പൂര്‍ത്തിയാക്കിയ അപ്പോസ്‌തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ മാറ്റി ആലഞ്ചേരിയെ പ്രതിഷ്ഠിച്ചത് അപലപനീയമാണെന്ന് ആലുവ ചുണങ്ങംവേലിയിൽ ചേർന്ന വൈദികയോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മാർ ആലഞ്ചേരി ആരുമറിയാതെ രാത്രി അരമനയിൽ വന്ന് അധികാരം ഏറ്റെടുത്തത് അപഹാസ്യമാണെന്നും പ്രമേയം കുറ്റപ്പെടുത്തി. ഇരുട്ടിൻെറ മറവിൽ തീരുമാനം നടപ്പാക്കിയതും അതിന് പൊലീസ് സഹായം തേടിയതും വത്തിക്കാൻ ആവശ്യപ്പെട്ടിട്ടാണോയെന്നും ചോദിക്കുന്നു. എന്ത് തെറ്റുചെയ്തിട്ടാണ് സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും സ്ഥാനത്തുനിന്ന് നീക്കിയതെന്ന് വ്യക്തമാക്കണം. ഭൂമിയിടപാടിലെ സത്യം വെളിച്ചത്തുകൊണ്ടുവരണമെന്ന് പറഞ്ഞ അതിരൂപതയിലെ 400ലേറെ വൈദികരോട് സഹകരിച്ചതാണോ കുറ്റമെന്നും അങ്ങനെയങ്കില്‍ വൈദികരെയും സസ്‌പൻെറ് ചെയ്യേണ്ടതല്ലേയെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഭൂമിയിടപാടില്‍ ഗൗരവമായ സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ വത്തിക്കാന്‍ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കര്‍ദിനാള്‍ അഗ്നിശുദ്ധി വരുത്തി വിശ്വാസികളെ ബോധ്യപ്പെടുത്തിയിട്ടുവേണം സ്ഥാനത്തേക്ക് തിരികെയെത്താന്‍. അടുത്ത സിനഡ് വരെയെങ്കിലും കാത്തിരുന്ന് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയിട്ട് മതിയായിരുന്നു സഹായമെത്രാന്മാര്‍ക്കെതിരായ നടപടി. പുതിയ സംഭവങ്ങളെ സാധൂകരിക്കുന്ന വത്തിക്കാന്‍രേഖകൾ സഭ സിനഡ് പുറത്തുവിടാത്തത് സംശയാസ്പദമാണ്. ഭൂമിയിടപാട് കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള കർദിനാളിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ വൈദികർക്കോ വിശ്വാസികൾക്കോ കഴിയില്ല. സഭയിലും സിനഡിലുമുള്ള വിശ്വാസം നഷ്ടപ്പെടാനേ പുതിയ നീക്കം സഹായിക്കൂ. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങൾക്ക് ഓറിയൻറല്‍ കോണ്‍ഗ്രിഗേഷനും സഭ സിനഡും വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ കർദിനാളിനോടും അദ്ദേഹത്തിൻെറ കൂരിയയോടും നിസ്സഹകരിക്കുമെന്നാണ് വൈദികരുടെ മുന്നറിയിപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.