ബി.ജെ.പി നേതാവിൻെറ വധം: നാല് സി.പി.എം പ്രവർത്തകരെ വെറുതെ വിട്ടു കൊച്ചി: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ നാല് സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി റദ്ദാക്കി. ബി.ജെ.പി നേതാവായിരുന്ന ആറുച്ചാമിയെ 2008 ജൂലൈ 20ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ കൊട്ടേക്കാട് സ്വദേശി പാച്ചപ്പൻ എന്ന ടി. ആറുച്ചാമി, സുര എന്ന സുരേഷ്, പി.വി. സുകുമാരൻ, വി. ഷാജഹാൻ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. കുറ്റം തെളിയിക്കുന്നതിൽ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. 2013ൽ നാലുപേരെയും പാലക്കാട് അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. അതേസമയം, മരിച്ചയാളുടെ ഭാര്യക്ക് ക്രിമിനൽ നടപടി ചട്ടങ്ങളിലെ 357എ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അന്വേഷണ ഏജൻസിയും േപ്രാസിക്യൂഷനും കേസിൽ ഒട്ടേറെ വീഴ്ചകൾ വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. വിചാരണ വേളയിൽ മരിച്ചയാളുടെ മൊഴി പ്രോസിക്യൂഷൻ വിശദമായി പരിശോധിച്ചില്ല. രണ്ട്, മൂന്ന്, നാല്, അഞ്ച് സാക്ഷികൾ കൂറുമാറിയിട്ടും മതിയായ നടപടി സ്വീകരിച്ചില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ അഭിപ്രായം രേഖപ്പെടുത്താത്ത വിചാരണക്കോടതിയുടെയും പ്രോസിക്യൂഷൻെറയും നടപടി മനസ്സ് മടുപ്പിക്കുന്നതാണ്. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് മാത്രം തെളിവാകില്ലെന്ന് സുപ്രീംകോടതിയും ഹൈകോടതിയും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം കോടതിയും പ്രോസിക്യൂട്ടറും അവഗണിച്ചു. വൈദഗ്ധ്യവും സാമർഥ്യവും പരിഗണിച്ചുവേണം പ്രോസിക്യൂട്ടർമാരെ നിയമിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ക്രിമിനൽ കേസുകളുടെ കാര്യത്തിൽ. വിചാരണ ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നാണ് വിചാരണക്കോടതിയിൽനിന്ന് എത്തുന്ന ഭൂരിപക്ഷം കേസുകളും പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത്. ക്രിമിനൽ കേസുകൾ വിചാരണ നടത്തുന്നതിൽ അടിസ്ഥാനമായ അറിവില്ലായ്മയും പരിചയമില്ലായ്മയും കഴിവില്ലായ്മയും പ്രോസിക്യൂട്ടർമാർ പ്രകടിപ്പിക്കുന്നു. ജില്ലതലങ്ങളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഗവ. പ്ലീഡർമാരെയും നിയമിക്കുമ്പോൾ സർക്കാർ ഈ വസ്തുതകൾ ഗൗരവത്തോടെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. രാഷ്ട്രീയ താൽപര്യങ്ങൾ പരിഗണിക്കാതെ വേണം നിയമനം. സമർഥരെ നിയമിക്കാത്തത് നീതി നടപ്പാക്കാതിരിക്കാൻ കാരണമാകും. ഉത്തരവിൻെറ പകർപ്പ് ആഭ്യന്തര സെക്രട്ടറിക്ക് നൽകാനും രജിസ്ട്രി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.