അനധികൃത കെട്ടിടം പൊളിച്ചുനീക്കി

പെരുമ്പാവൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന . വാഴക്കുളം പഞ്ചായത്ത് മഞ്ഞപ്പെട്ടിയില്‍ പുതുശേര ി കുഞ്ഞുമുഹമ്മദ് എന്നയാളുടെ സ്ഥലത്ത് നിര്‍മിച്ച കെട്ടിടമാണ് കലക്ടറുടെ ഇടപെടലില്‍ പൊളിച്ചുനീക്കിയത്. സുരക്ഷ മാനദണ്ഡങ്ങളോ പരിസരശുചിത്വമോ പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു. പ്രാഥമിക കൃത്യത്തിനുപോലും സംവിധാനമില്ലാതിരുന്ന കെട്ടിടത്തിലെ കക്കൂസ് മാലിന്യമടക്കം പുറത്തേക്കൊഴുകുന്ന സ്ഥിതിയായിരുന്നു. പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധിതവണ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ പുതുതായി സ്ഥാനമേറ്റ കലക്ടര്‍ക്ക് സമീപവാസി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച 'അതിഥി ദേവോ ഭവഃ' പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നല്‍കിയ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടം ഒരു രേഖയുമില്ലാതെയാണ് പത്തുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് സമാനരീതിയില്‍ ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് ശീട്ടുകളിയും അനാശാസ്യവും നടക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. ഞായറാഴ്ചകളില്‍ ദൂരസ്ഥലങ്ങളില്‍നിന്ന് ഇവിടേക്ക് ഇതര സംസ്ഥാനക്കാര്‍ എത്തിയിരുന്നു. പലപ്പോഴും പൊലീസിൻെറ പരിശോധനയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഇതര സംസ്ഥാനക്കാര്‍ പിടിയിലായിട്ടുണ്ട്. ജില്ല ഹെല്‍ത്ത് ഓഫിസര്‍ ശ്രീനിവാസൻെറ നേതൃത്വത്തില്‍ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചതിനുശേഷമാണ് കെട്ടിടം പൊളിച്ചത്. ലേബര്‍ ഓഫിസര്‍ രാജേഷ്, പഞ്ചായത്ത് ഡയറക്ടറേറ്റ് ഓഫിസിലെ ബിനു, പഞ്ചായത്ത് സെക്രട്ടറി രവികുമാര്‍, ഓഫിസ് ക്ലര്‍ക്ക് ജോയ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എബ്രഹാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി, സലിം, വിപിന്‍, വില്ലേജ് ഓഫിസര്‍ അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷജിന്‍, സുരേന്ദ്രന്‍, സാബു, സബ് ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദ്, എ.എസ്.ഐ ഇന്ദുചൂഢന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.