വോട്ടങ്ങാടി തടിമാർക്കറ്റിലെ കാൻറീനിൽ വ്യാപാരികളുടെ വോട്ടുചർച്ച നോട്ട്​ നിരോധനവും ജി.എസ്​.ടിയും തെറ്റായ നയങ്ങൾ തന്നെ

പെരുമ്പാവൂര്‍: സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് തടിക്കച്ചവടവുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ തങ്ങുന്ന ഇടമാണ് പെരുമ്പാവൂരിലെ തടി മാര്‍ക്കറ്റ്. രാഷ്ട്രീയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ വരെയുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും തൊഴില്‍ സ്തംഭനവുമെല്ലാം ഏറെ ബാധിക്കുകയും ഇവയുടെ ദിനേനയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നവരാണ് ഇവിടെ കൂടുന്ന കച്ചവടക്കാര്‍. കേരളത്തിൻെറ പ്രത്യേകിച്ച് പെരുമ്പാവൂരിൻെറ വ്യാപാര മേഖലയുടെ നട്ടെല്ലാണ് തടി വ്യവസായം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചില അവസരങ്ങളില്‍ കൈക്കൊള്ളുന്ന തെറ്റായ സാമ്പത്തിക നയങ്ങള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മേഖലയാണിത്. അതുകൊണ്ടുതന്നെ ഇതെല്ലാം ഇവരുടെ കൂടിച്ചേരലുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച മുഴുവന്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. തടി വരുന്നതും കാത്ത് രാത്രി സമയത്തും പുലര്‍ച്ചയും മാര്‍ക്കറ്റില്‍ ഇരിക്കുന്നവര്‍ അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുകയാണ്. ഇവിടത്തെ കാൻറീനില്‍ നിലമ്പൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ ചായ കുടിക്കാനെത്തും. ചര്‍ച്ചക്ക് ആവേശം മൂക്കുമ്പോള്‍ പലരും ഒന്നില്‍ കൂടുതല്‍ ചായ വാങ്ങി സമയം ദീര്‍ഘിപ്പിക്കുമെന്ന് നടത്തിപ്പുകാരന്‍ വല്ലം-ചൂണ്ടി സ്വദേശി സിറാജ്. നിലമ്പൂരില്‍ നിന്നുള്ള ചില വ്യാപാരികള്‍ വളരെ 'ഹാപ്പിയിലാണ്'. വയനാട് മത്സരിക്കാന്‍ രാഹുലെത്തുന്നമെന്ന വിവരത്തിലാണ് ഇവരുടെ സന്തോഷം. രാഹുല്‍ വന്നാല്‍ കേരളത്തിലെ മറ്റ് കോൺഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാണെന്ന് ഇവര്‍ വിലയിരുത്തുന്നു. മാത്രവുമല്ല തടി വ്യാപാരം ഉൾപ്പെടെയുള്ളവയുടെ നിലനില്‍പ്പില്‍ ഭദ്രതയേറുമെന്നും ഇവര്‍ വിശ്വസിക്കുന്നു. എന്നാൽ, ഇൗ വാദത്തെ ഖണ്ഡിച്ച് ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഭരണത്തിനായി വാദിക്കുന്നവരുമുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും ബി.ജെ.പി സര്‍ക്കാറിൻെറ തെറ്റായ നയങ്ങളായിരുന്നെന്നും രാഹുലിൻെറ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ വരുന്ന സര്‍ക്കാര്‍ ഇത്തരമൊരു വഞ്ചന വ്യവസായികളോട് ചെയ്യില്ലെന്നുമാണ് ഇവരുടെ ഉറച്ച വിശ്വാസം. കാൻറീനിൽ ഒത്തുകൂടിയ പെരുമ്പാവൂര്‍ സ്വദേശികളായ ഫാസില്‍, നാസര്‍, ഹസൈനാര്‍, കബീര്‍, കരീം എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമാണ്. രാജ്യത്തിൻെറ കെട്ടുറപ്പിന് കോണ്‍ഗ്രസ് ഭരണം അനിവാര്യമാണെന്നാണ് ഫാസിലിൻെറ അഭിപ്രായം. കേരളത്തില്‍ പ്രളയം തകര്‍ത്ത നാളുകളില്‍നിന്ന് വ്യവസായം കരകയറുന്നതിനിടെയാണ് തെരഞ്ഞെടുപ്പ്. മരക്കമ്പനികളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ഉത്തരേന്ത്യക്കാരാണ്. വോട്ട് ചെയ്യാന്‍ നിരവധി പേര്‍ നാടുകളിലേക്ക് മടങ്ങി. ഇനിയും പലരും പോകാനൊരുങ്ങുന്നു. ഇവരില്ലാതെ കമ്പനികള്‍ ചലിക്കില്ലെന്ന ആങ്കയാണ് ഇവര്‍ പ്രധാനമായും പങ്കുെവച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.