പൊരിവെയിലിൽ പൊലീസി​െൻറ സങ്കടം ആരുകാണാൻ

പൊരിവെയിലിൽ പൊലീസിൻെറ സങ്കടം ആരുകാണാൻ സ്വന്തം ലേഖകൻ കൊച്ചി: തലക്കുമുകളിൽ സൂര്യൻ കത്തിയെരിയുമ്പോൾ അതിലും കഠ ിനമായി വെന്തുരുകയാണ് കാക്കിക്കുള്ളിലെ ജീവിതം. തൊഴിൽ സമയവും അടുത്തിടെ കർശനമാക്കിയ വ്യവസ്ഥകളും പൊലീസുകാരുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. എറണാകുളം നഗരത്തിൽ പൊലീസുകാർക്ക് ശ്വാസംവിടാൻ സമയമില്ലാത്ത ഷെഡ്യൂളാണിപ്പോൾ. പൊലീസുകാരുടെ എണ്ണം വർധിപ്പിക്കാതെയുള്ള കർശന ചിട്ടകളാണ് ഇവരെ വലച്ചിരിക്കുന്നത്. പൊരിവെയിലിൽ വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോൾ അസുഖങ്ങളുണ്ടായാൽപോലും അവധിയെടുക്കാനാവാത്ത സാഹചര്യമാണെന്ന് പൊലീസുകാർ പറയുന്നു. രാവിലെ ഒമ്പതിന് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഒരു പൊലീസുകാരന് അടുത്ത കാലത്തായി രാത്രി 11വരെ ജോലി ചെയ്യേണ്ടിവരുന്നു. വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രം സ്റ്റേഷനിലിരിക്കുകയും ബാക്കി എല്ലാവരും നിർബന്ധമായും പകൽസമയങ്ങളിൽ പുറത്തുണ്ടാകുകയും വേണമെന്ന നിർദേശമാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ 11 വരെയും ഉച്ചക്കുശേഷം മൂന്നുമുതൽ അഞ്ചുവരെയും പുറത്തുണ്ടായിരിക്കണം. കൂടാതെ, പ്രത്യേക പരിശോധനകളുടെ ഭാഗമായി എല്ലാ പൊലീസുകാരും ആഴ്ചയിൽ മൂന്നുദിവസം നിർബന്ധമായും പുറത്തുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. ഇത് കർശനമാക്കിയതോടെ സ്റ്റേഷനിലെ ജോലികൾക്ക് മറ്റാരുമില്ലാത്ത അവസ്ഥയായി. പരാതിയുമായി സ്റ്റേഷനിലെത്തുന്നവരെ കേൾക്കാൻ പോലും ആള് തികയുന്നില്ലത്രെ. പുറത്തെ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുമ്പോൾ ഫയലുകൾ കുന്നുകൂടി കിടപ്പുണ്ടാകും. ഇത് തീർത്തുകഴിയുമ്പോൾ ജോലി പലപ്പോഴും 11 മണിയെങ്കിലുമാകുന്നുവെന്നാണ് പൊലീസുകാർ പറയുന്നത്. ആഴ്ചയിൽ ഒരു ദിവസമുള്ള അവധിപോലും കിട്ടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഏറെ കഷ്ടം ട്രാഫിക്കിൽ ട്രാഫിക് പൊലീസുകാരുടെ കാര്യമാണ് ഏറെ കഷ്ടം. ഏഴ് മണിക്കൂറാണ് പൊരിവെയിലും സഹിച്ച് ഒാരോരുത്തരും ജോലി ചെയ്യേണ്ടിവരുന്നത്. തെരഞ്ഞെടുപ്പ് ആയതിനാൽ നടപടി ഭയന്ന് മെഡിക്കൽ ലീവ് പോലും ആരും എടുക്കുന്നില്ല. കുട്ടികളെയും മുതിർന്നവരെയും കാണാതാകുന്ന കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഇവയിൽ ഉടൻ ആളുകളെ കണ്ടെത്തിയില്ലെങ്കിൽ നേരിടേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദമാണ്. മുൻകാലങ്ങളിൽ എ.ആർ ക്യാമ്പിലെ പൊലീസുകാർ ചെയ്തിരുന്ന ജോലികളായ പ്രതി എസ്കോർട്ട്, ജഡ്ജിമാരുടെ ഉൾപ്പെടെ വീട് കാവൽ തുടങ്ങിയവക്ക് ഇപ്പോൾ സ്റ്റേഷനുകളിലെ പൊലീസുകാരെയാണ് നിയോഗിക്കുന്നത്. സ്റ്റേഷനുകളിൽ 10 ശതമാനം പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച ശേഷമായിരുന്നു ഇത് നടപ്പാക്കേണ്ടിയിരുന്നത് എന്ന് പറയുന്നു. എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല, നിലവിലുള്ളവരുടെ ജോലി ഇരട്ടിക്കുകയും ചെയ്തു. ഓരോ സ്റ്റേഷനിലും നിലവിൽ 15 ശതമാനത്തോളം പൊലീസുകാരുടെ കുറവുണ്ട്. ഇത് വർധിപ്പിക്കാതെയുള്ള പുതിയ പരിഷ്കാരത്തിനെതിരെ കടുത്ത അമർഷമാണ് പൊലീസുകാർക്കിടയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.