ചിത്രം കൊച്ചി: കൗമാര ലോകകപ്പ് ജേതാക്കൾക്കുള്ള വെള്ളിക്കപ്പ് തൊട്ടടുത്ത് കാണാനായതിെൻറ ആവേശത്തിലായിരുന്നു കേരളത്തിെൻറ കുട്ടിത്താരങ്ങൾ. ട്രോഫിക്കുചുറ്റും ആർപ്പുവിളിച്ച് ചുവടുവെച്ച കുട്ടിക്കൂട്ടം പന്തുകളി പാഠങ്ങൾ അഭ്യസിക്കാൻ ബൂട്ടുകെട്ടി കളത്തിലിറങ്ങി. അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച മിഷൻ ഇലവൻ മില്യൻ പ്രോഗ്രാമിെൻറ സംസ്ഥാനതല സമാപന പരിപാടിയാണ് കുട്ടിത്താരങ്ങളുടെ കളിയുത്സവ വേദിയായത്. വിന്നേഴ്സ് കപ്പ് പ്രദർശിപ്പിച്ച എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിലായിരുന്നു മിഷൻ ഇലവൻ മില്യെൻറ സമാപനോത്സവം. രാവിലെ ഒമ്പതിന് തുടങ്ങിയ ഫെസ്റ്റിവലിൽ ആയിരത്തിലേറെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാനത്തെ 650ഓളം സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സമാപനപരിപാടിക്ക് അർഹത നേടിയത്. ജില്ലക്കുപുറമെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവർ പങ്കെടുത്തു. ഫിഫ ടൂർണമെൻറ് ഡയറക്ടർ ഹവിയർ സെപ്പിയും താരങ്ങൾക്കൊപ്പം പന്തുതട്ടി. ലോകകപ്പ് ട്രോഫിക്ക് ലഭിച്ച ആവേശോജ്വല സ്വീകരണം മത്സരങ്ങൾക്കും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാലാംഘട്ട ടിക്കറ്റ് വിൽപന ആരംഭിക്കുമ്പോൾ സ്‌റ്റേഡിയത്തിൽ ബോക്‌സ് ഓഫിസ് തുറക്കും. നഗരത്തിൽ മറ്റിടങ്ങളിലും ബോക്‌സ് ഓഫിസ് ടിക്കറ്റ് വിൽപന ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഷൻ ഇലവൻ മില്യൻ പരിപാടിയുമായി സഹകരിച്ച മികച്ച കോച്ചുമാർക്കും അധ്യാപകർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കിഴക്കമ്പലം സെൻറ് ജോസഫ്‌സ് സ്‌കൂൾ അധ്യാപകൻ കെ.കെ. സോയി മികച്ച അധ്യാപകനുള്ള ഹീറോ മോട്ടോർ ബൈക്ക് നേടി. എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും കിറ്റും വിതരണം ചെയ്തു. കായികക്ഷമത മത്സരവിജയികൾക്ക് പ്രത്യേക ഗിഫ്റ്റ് വൗച്ചറുകളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.