മലയൻകാട് സ്വദേശി വാരിക്കാടൻ മോഹനന്റെ മൃതദേഹം സമീപത്തെ വാദി ഹിറ മസ്ജിദ് കെട്ടിടത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
ആലുവ: മോഹനന്റെ മൃതദേഹത്തിന് പൊതുദർശന സൗകര്യമൊരുക്കിയത് മസ്ജിദ് കെട്ടിടത്തിൽ. കീഴ്മാട് പഞ്ചായത്ത് മൂന്നാം വാർഡ് മലയൻകാട് സ്വദേശി വാരിക്കാടൻ മോഹനന്റെ (60) മൃതദേഹമാണ് സമീപത്തെ വാദി ഹിറ മസ്ജിദ് കെട്ടിടത്തിൽ പൊതുദർശനതിന് വെച്ചത്.
പള്ളിയുടെ സമീപവാസിയാണ് മോഹനൻ. സ്ട്രോക്ക് വന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മോഹനൻ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. മോഹനന്റെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയ മസ്ജിദ് ഭാരവാഹികളും വാർഡ് മെംബറും മസ്ജിദ് കെട്ടിടത്തിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കാൻ തയാറാവുകയായിരുന്നു.
വാർഡ് അംഗം സക്കീർ, ട്രസ്റ്റ് ചെയർമാൻ കെ.കെ. കുഞ്ഞുമുഹമ്മദ്, അബ്‌ദുല്ല, നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയത്. ഹൈന്ദവ ആചാരപ്രകാരം തന്നെയായിരുന്നു പൊതുദർശനം. മരണവിവരം പള്ളിയുടെ മൈക്കിലൂടെ പരിസരവാസികളെ അറിയിക്കുകയും ചെയ്തു.
പൊതുദർശനത്തിന് ശേഷം വീട്ടിലെ കർമങ്ങൾക്കായി മൃതദേഹം കൊണ്ടുപോയി. ഞായറാഴ്ച രാവിലെ മുള്ളങ്കുഴി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. മതസൗഹാർദത്തിന് പേരുകേട്ട മസ്ജിദാണ് വാദി ഹിറ. സമീപത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷക്കായി എത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പള്ളി എപ്പോഴും ആശ്രയമാകാറുണ്ട്. പരീക്ഷ കഴിയുന്നതുവരെ രക്ഷിതാക്കൾക്ക് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ പള്ളിയിൽ ഒരുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.