തൃശൂർ: ചൊവ്വാഴ്ച സ്ഥാനം ഒഴിയുന്ന ഡോ.പി. രാജേന്ദ്രന് പകരം കാർഷികോൽപാദന കമീഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടിക്കാറാം മീണയെ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിൽ നിയമിച്ചു. നവംബർ ഒന്നുമുതലാണ് നിയമനം. വി.സിയുടെ ചുമതല ഒരു വനിത പ്രഫസർക്ക് നൽകാനായിരുന്നു നീക്കം. ഇതിനെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മീണക്ക് ചുമതല നൽകുമെന്ന് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സ്ഥിരം വി.സിയെ നിയമിക്കുമ്പോൾ ഇപ്പോൾ പരിഗണിച്ച വനിത പ്രഫസർക്ക് നിയമനം ലഭിക്കാൻ ചരടുവലി തുടരുന്നതായാണ് സർവകലാശാല വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിന് പര്യാപ്തമാവുന്ന രീതിയിൽ സർച് കമ്മിറ്റി രൂപവത്കരിക്കപ്പെടുന്ന ഘട്ടം കടന്നു. സർവകലാശാലയിൽ വരാനിരിക്കുന്ന 350 അസി.പ്രഫസർമാരുടെയും 300 ഓളം താൽക്കാലിക തൊഴിലാളികളുടെയും നിയമനവും വി.സി നിയമനവുമായി ബന്ധമുണ്ടെന്ന ആരോപണം ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. സി.പി.എം അധ്യാപക സംഘടനയുടെ പ്രതിനിധിയെ വി.സിയാക്കാൻ സർവകലാശാലയുടെ ചുമതലയുള്ള കൃഷി വകുപ്പ് കാണിക്കുന്ന താൽപര്യം ഇതിെൻറ ഭാഗമാണെന്നാണ് ആരോപണം. ചില നേട്ടങ്ങൾ പ്രതീക്ഷിച്ച് സി.പി.എമ്മിൽ ഒരു വിഭാഗവുമുണ്ട്. അതേ സമയം പുതിയ വി.സി സർവകലാശാലക്ക് പുറത്തു നിന്ന് വേണമെന്ന പക്ഷക്കാരും കാമ്പസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.