ദമ്പതികളുടെ മരണം: അപകടം സൃഷ്​ടിച്ച മിനിലോറി തിരിച്ചറിഞ്ഞു

ആലുവ: ദേശീയപാതയിൽ ആലുവ സെമിനാരിപ്പടിക്ക് സമീപം സ്കൂട്ടർ യാത്രികരായ എളവൂർ മുട്ടത്തറ പെരുമ്പിള്ളി വീട്ടിൽ പരമേശ്വരൻ നായർ (മോഹനൻ --58), ഭാര്യ ലളിതദേവി (54) എന്നിവർ മരിക്കാനിടയായ അപകടം സൃഷ്ടിച്ച മിനിലോറി തിരിച്ചറിഞ്ഞു. ഇതേതുടർന്ന് അപകടം വരുത്തിയ ഡ്രൈവറെയും ലോറിയും കസ്റ്റഡിയിലെടുക്കാൻ ആലുവ ട്രാഫിക് എസ്.ഐ മുഹമ്മദ് കബീറും സംഘവും തമിഴ്നാട് സേലത്തേക്ക് തിരിച്ചു. സി.സി ടി.വി കാമറയിൽനിന്ന് വാഹനം തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് എസ്.ഐയും രണ്ട് പൊലീസുകാരും സ്വകാര്യവാഹനത്തിൽ ഞായറാഴ്ച വൈകീട്ട് സേലത്തേക്ക് തിരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകട സ്ഥലത്ത് 45 മിനിറ്റ് ലോറി നിർത്തി ഡ്രൈവർ ഇറങ്ങിവരുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ കൂടിയതോടെ ഡ്രൈവർ ലോറിയുമായി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ സി.സി ടി.വി ദൃശ്യം പരിശോധിച്ചാണ് ലോറിയുടെ നമ്പർ തിരിച്ചറിഞ്ഞത്. തുടർന്ന്, തമിഴ്നാട് മോട്ടോർ വകുപ്പുമായി ബന്ധപ്പെട്ട് ഉടമയെയും തിരിച്ചറിഞ്ഞു. മരിച്ച ദമ്പതികളുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. ഇവരുടെ മൂത്തമകൾ സൗമ്യ ഭർത്താവിനൊപ്പം ലണ്ടനിലാണ്. ഇവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യമാകുന്ന മുറക്കായിരിക്കും സംസ്കാരസമയം നിശ്ചയിക്കുക. ഞായറാഴ്ച ആലുവ പൊലീസി​െൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ചശേഷം എളവൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ പരമേശ്വരൻ നായരുടെ ഇളയമകൾ സൂര്യയും ഭർത്താവ് അനിലും ഉണ്ടായിരുന്നു. പരമേശ്വരൻ നായരുടെ സ്കൂട്ടറിൽ ലോറി ഉരസിയതാണ് അപകട കാരണം. വർഷങ്ങളായി പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തുവരുകയായിരുന്നു പരമേശ്വരൻ നായർ. സഹോദരൻ രാമചന്ദ്രനുെമാന്നിച്ച് കാറ്ററിങ് സർവിസും നടത്തിയിരുന്നു. പാറക്കടവ് പഞ്ചായത്തിൽനിന്ന് പലവട്ടം മികച്ച കർഷകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.