ദേശീയപാതയിൽ അത്താണി കാംകോ കമ്പനിക്ക് സമീപം പതിവായി അപകടവും ഗതാഗതക്കുരുക്കുമുണ്ടാകുന്ന മേക്കാട് റോഡുമായി ബന്ധപ്പെട്ട യൂടേൺ
അത്താണി: ദേശീയപാതയിൽ കരിയാട് മുതൽ ദേശം കവല വരെ ദിനേനയെന്നോണം അപകടം പതിവായിട്ടും ട്രാഫിക് സംവിധാനത്തിലോ വാഹനഗതാഗതം നിയന്ത്രിക്കുന്നതിലോ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കരിയാട്, തുരുത്തിശ്ശേരി കപ്പേള, തുരുത്തിശ്ശേരി എൽ.പി സ്കൂൾ കവല, അത്താണി, അസീസി ജങ്ഷൻ, കോട്ടായി, പറമ്പയം, ദേശം അടക്കം ദേശീയപാത മുറിച്ചുകടക്കുന്ന യൂടേണുകളിൽ അപകടം പതിവാണ്. മിക്കയിടങ്ങളിലും അടുത്തിടെ വരെ ജീവഹാനി വരുത്തിയ നിരവധി അപകടങ്ങളാണുണ്ടായത്.
ട്രാഫിക് പരിഷ്കാരമോ അപകടരഹിതമായ സിഗ്നൽ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ റിഫ്ളക്ടറുകളോ സ്ഥാപിക്കാത്തതാണ് അപകടത്തിന് വഴിയൊരുങ്ങുന്നതെന്നാണാക്ഷേപം. കരിയാട് ഭാഗത്തും അത്താണിയിൽ കാംകോക്ക് സമീപം മേയ്ക്കാട് റോഡിലേക്കുള്ള യൂടേണിലുമുണ്ടായ അപകടങ്ങളിൽ യുവാക്കൾ, കാൽനടയാത്രികർ അടക്കമുള്ളവർക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുംപോലെ ദേശീയപാത മുറിച്ച് കടക്കേണ്ട അവസ്ഥയാണ് പലപ്പോഴും. ഈ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് രണ്ട് മാസം മുമ്പ് ജനപ്രതിനിധികളും ദേശീയപാത അധികൃതരും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമടക്കം അപകട പ്രദേശങ്ങളിൽ പരിശോധന നടത്തുകയും അശാസ്ത്രീയ അവസ്ഥ ഒഴിവാക്കി മുൻകരുതൽ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി.
കഴിഞ്ഞ ആഴ്ച മേക്കാട് ഭാഗത്തേക്കുള്ള യൂടേണിൽ ഭർത്താവിന്റെ സ്കൂട്ടറിന് പിറകിലിരുന്ന് ജോലിക്ക് പോയ പാറക്കടവ് കോടുശ്ശേരി സ്വദേശിനി ലേഖ അങ്കമാലിയിൽനിന്ന് ദേശീയപാത വഴി പാഞ്ഞുവന്ന ബൈക്കിടിച്ച് റോഡിൽ തെറിച്ച് വീണ് അതിദാരുണമായി മരിച്ചിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഭർത്താവ് ദിനേശൻ ഇപ്പോഴും ചികിത്സയിലാണ്.
മേക്കാട് ഭാഗത്തേക്കുള്ള യൂടേണിൽ ട്രാഫിക് നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനമോ പൊലീസിനെ നിയോഗിക്കുകയോ ചെയ്യാമെന്ന ഉറപ്പും പാലിച്ചില്ലെന്ന് പറയുന്നു. ദിവസവും രാവിലെയും വൈകിട്ടും ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. മേക്കാട് റോഡിൽ പൂകൈത വരെ വാഹനങ്ങൾ നിരന്നുകിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ദേശീയപാത വഴി മിന്നൽവേഗത്തിൽ പോകുന്ന വാഹനങ്ങൾ ഇടക്ക് നിർത്തി റോഡ് മുറിച്ച് കടക്കുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ അവസരം നൽകാത്തതാണ് അപകടങ്ങളും ഗതാഗതക്കുരുക്കുമുണ്ടാകുന്നത്.
അത്താണി അസീസി കവലയിൽ തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾ ജീവൻ പണയപ്പെടുത്തിയാണ് സൈക്കിളിലും കാൽനടയായും റോഡ് മുറിച്ച് കടക്കുന്നത്. സ്ഥിരമായ പൊലീസ് സംവിധാനവും നടപടികളും ഏർപ്പെടുത്തണമെന്ന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ദേശീയപാത അധികൃതരോടും സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.