പൂച്ചാക്കൽ: അപകടാവസ്ഥയിലായ പൂച്ചാക്കൽ ബസ് കാത്തുനിൽപ് കേന്ദ്രം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. പലതവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു. ചേർത്തല-അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ തെക്കേക്കര ബസ് കാത്തുനിൽപ് കേന്ദ്രം നിലംപതിക്കാവുന്ന നിലയിലാണ്. വർഷങ്ങളുടെ പഴക്കമുള്ള ഇതിെൻറ ഭിത്തികളിലും മേൽക്കൂരയിലും കോൺക്രീറ്റ് പാളികൾ ഇളകി വിള്ളൽ വീണ നിലയിലാണ്. ഇതോടെ നാട്ടുകാർ മുന്നറിയിപ്പ് പോസ്റ്ററുകൾ പതിച്ചു. സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികളടക്കം നിരവധി പേരാണ് ഈ കാത്തുനിൽപ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. പൂച്ചാക്കൽ പഴയ പാലത്തിലേക്കും പുതിയ പാലത്തിലേക്കും തേവർവട്ടം ഭാഗത്തേക്കുമുള്ള മൂന്ന് റോഡുകൾ കൂടിച്ചേരുന്ന ഇവിടം ഏറെ തിരക്കുള്ള ഭാഗമാണ്. ഓട്ടോ-ടാക്സി സ്റ്റാൻഡുകളും നിരവധി കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ പാർക്കുചെയ്യാറുണ്ട്. ജങ്ഷനാണെന്ന് തിരിച്ചറിയാതെ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ ജങ്ഷനാണെന്ന് സൂചിപ്പിക്കുന്ന ദിശബോർഡുകളും ഹംപും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ബസ്ബേ നിർമിക്കുകയോ ജങ്ഷൻ പുനഃക്രമീകരിക്കുകയോ ചെയ്ത് ബസുകൾക്ക് സുരക്ഷിത പാർക്കിങ്ങിന് സൗകര്യം ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. മഴ മാറിയിട്ടും വെള്ളക്കെട്ടിന് അയവില്ല അരൂർ: മഴ മാറിയാലും ചന്തിരൂർ പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിൽതന്നെ. ചന്തിരൂർ 11ാം വാർഡിലെ അറബി കോളജ്, ശാന്തിഗിരി ആശ്രമം എന്നിവയുടെ പരിസരങ്ങളിലെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായത്. വെള്ളം ഒഴിഞ്ഞുപോകാൻ മാർഗമില്ലാത്തതും കുളങ്ങളും തോടുകളും മൂടിയതുമാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കക്കൂസും കുടിവെള്ള സ്രോതസ്സുകളും വെള്ളത്തിലാകുന്നത് കടുത്ത ആരോഗ്യഭീഷണി ഉയർത്തുകയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാനാണ് ഏറെ കഷ്ടപ്പാടെന്ന് നാട്ടുകാർ പറയുന്നു. ബസ് സർവിസ് പുനഃക്രമീകരിക്കണമെന്ന് പൂച്ചാക്കൽ: അരൂക്കുറ്റിയിൽനിന്ന് രാവിലെ 6.45ന് കോട്ടയത്തേക്ക് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് സർവിസ് കോട്ടയം മെഡിക്കൽ കോളജ് വഴി പുനഃക്രമീകരിക്കണമെന്ന് അരൂക്കുറ്റി പാസഞ്ചർ ഫോറം ആവശ്യപ്പെട്ടു. നിലവിൽ ബേക്കറി ജങ്ഷൻ വരെ മാത്രമേ സർവിസുള്ളൂ. കല്ലറ വഴി മെഡിക്കൽ കോളജ് ആശുപത്രി വരെയും തിരിച്ച് വൈകീട്ട് അഞ്ചിന് അരൂക്കുറ്റിക്കും സർവിസ് നടത്തിയാൽ രോഗികൾ അടക്കം നിരവധി യാത്രക്കാർക്ക് ആശ്വാസകരമാകുമെന്ന് കലക്ടർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.