കുടിവെള്ള പൈപ്പിലെ വിള്ളൽ; മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടും നടപടിയായില്ല

കളമശ്ശേരി: വെള്ളത്തിനടിയിലൂടെ പോകുന്ന കുടിവെള്ള പൈപ്പിൽ അടിക്കടി വിള്ളൽ ഉണ്ടാകുന്നതിനാൽ മാറ്റി സ്ഥാപിക്കാൻ പലവട്ടം തീരുമാനിച്ചിട്ടും നടപ്പിലായില്ല. കളമശ്ശേരിയിൽനിന്ന് ഏലൂർ, വരാപ്പുഴ പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കുന്ന എച്ച്.ഡി.പി.ഇ 300 എം.എം പൈപ്പാണ് അധികൃതരുടെ അലംഭാവംമൂലം നടപ്പിൽ വരാത്തത്. പെരിയാറിന് കുറുകെ കളമശ്ശേരി ഏലൂർ പുതിയ റോഡ് പാലത്തിനടിയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. ഇതിൽ തകരാർ സംഭവിച്ചാൽ ഏലൂർ, വരാപ്പുഴ ഭാഗത്ത് കുടിവെള്ളം മുട്ടും. ആറ് മാസം മുമ്പ് ഏലൂർ പ്രദേശത്ത് കുടിവെള്ളം ലഭിക്കാതെവന്നപ്പോൾ കാരണം കണ്ടെത്താൻ ഉദ്യോഗസ്ഥർ ഏറെ വലഞ്ഞു. അവസാനം പാലത്തിനടിയിൽ വെള്ളത്തിൽ പരിശോധിച്ചപ്പോഴാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് മൂന്ന് ദിവസത്തെ പ്രയത്നത്തിലാണ് ചോർച്ചയടച്ചത്. അന്ന് സ്ഥലത്തെത്തിയ വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ വെള്ളത്തിനടിയിലൂടെ പോകുന്ന ലൈൻ മാറ്റി പാലത്തിലൂടെ ആക്കാൻ നിർദേശിച്ചിരുന്നു. ഇതിന് മുമ്പും തകരാറുകൾ ഉണ്ടായപ്പോൾ ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആലോചന ഉണ്ടായിരുന്നു. ഇതിനായി അടുത്തകാലത്ത് പാലം പുനർനിർമിച്ചപ്പോൾ കുടിവെള്ള പൈപ്പ് കടത്തിവിടാൻ പാലത്തിലെ നടപ്പാതക്കടിയിൽ സൗകര്യപ്പെടുത്തിയതാണ്. കൂടാതെ, എച്ച്.എം.ടി ജങ്ഷൻ വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ സ്ഥലം എം. എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ഇന്നും ഇതുസംബന്ധമായ യാതൊരു നടപടിക്രമങ്ങളും തുടങ്ങിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.