മൂവാറ്റുപുഴ: ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിൽ ഈസ്റ്റ് മാറാടിയിലെ കടകളിൽ വെള്ളം കയറി. വൈകീട്ട് മൂന്നുമുതൽ പെയ്ത മഴയിലാണ് റേഷൻകടയിലടക്കം നാല് വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയത്. എം.കെ. മത്തായിയുടെ റേഷൻകട, സമീപത്ത് ഇദ്ദേഹത്തിെൻറ തന്നെ പലചരക്ക് കട, അനിൽ സ്റ്റോഴ്സ്, കിഷോർ എന്നയാളുടെ പലചരക്ക് കട എന്നിവിടങ്ങളിലാണ് നഷ്ടം സംഭവിച്ചത്. കല്ലും മണ്ണും നിറഞ്ഞ ഓടകളിലൂടെ വെള്ളം ഒഴുക്ക് നിലച്ചിരുന്നു. മഴ ആരംഭിച്ച് മിനിറ്റുകൾക്കകം പ്രദേശം വെള്ളക്കെട്ടിലായി. കെ.എസ്.ടി.പി റോഡ് നിർമാണത്തിെൻറ ഭാഗമായുള്ള അപാകതകളാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കടകളിലെല്ലാം മൂന്നടിയോളം ഉയരത്തിൽ വെള്ളവും ചളിയും നിറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ, വാർഡ് മെംബർമാർ എന്നിവർ സ്ഥലത്തെത്തി. കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും ആരും എത്തിയില്ല. റോഡ് നിർമാണം ഏറ്റിരിക്കുന്ന കരാറുകാരുടെ പ്രതിനിധികൾ സ്ഥലത്തെത്തി. വിഷയം ചർച്ചചെയ്യാൻ ഉദ്യോഗസ്ഥർ അടുത്ത ദിവസം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അംഗീകൃത പ്ലാനിൽനിന്ന് വ്യതിചലിച്ച് ഈ പ്രദേശത്ത് നൂറുമീറ്ററോളം ദൂരത്തിൽ റോഡ് താഴ്ത്തിയാണ് നിർമിച്ചിരിക്കുന്നതെന്നും ഇതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സാബു ജോൺ കുറ്റപ്പെടുത്തി. മുമ്പും ഈ പ്രദേശത്ത് വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.