മരട്: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ തെങ്ങ് വീണ് വീട് തകർന്നതിനെത്തുടർന്ന് നിർധന കുടുംബം ദുരിതത്തിലായി. ടി.കെ.എസ് റോഡ് താഴത്തുകാട്ടിൽ ലത ഹരിദാസും മക്കൾ അനയ് (ഏഴ്), അർജുൻ (ആറ്) എന്നിവരാണ് ബുദ്ധിമുട്ടിലായത്. കൂലിപ്പണിക്കാരനായ ഹരിദാസ് അഞ്ചുവർഷം മുമ്പ് മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ തൂപ്പുജോലിക്ക് പോയി കിട്ടുന്ന വരുമാനത്തിലാണ് ലത കുടുംബം പോറ്റുന്നത്. ശോച്യാവസ്ഥയിലാണ് ഇവരുടെ വീട്. ചോർന്നൊലിക്കുന്ന ഭാഗത്ത് പഴയ ഫ്ലക്സ് ഷീറ്റ് ഇട്ടിരിക്കുകയാണ്. തെങ്ങ് വീണതോടെ വീടിെൻറ ഭൂരിഭാഗവും തകർന്നു. തകരാത്ത ഭാഗത്തെ മുറിയിലാണ് ലതയും മക്കളും കഴിയുന്നത്. രാത്രി മഴയുണ്ടെങ്കിൽ വീട് ഇടിഞ്ഞുവീഴുമോ എന്ന പേടി കാരണം ഉറങ്ങാൻ പറ്റാറില്ലെന്ന് ലത പറയുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ലതക്ക് സർക്കാർ സഹായത്തിന് അർഹതയുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ട സ്ഥിതിയാണെന്ന് ഡിവിഷൻ കൗൺസിലർ എം.വി. ഉല്ലാസ് പറഞ്ഞു. തിരിച്ചടക്കേണ്ടതില്ലാത്ത എസ്.സി ഫണ്ടിൽനിന്ന് മൂന്നുലക്ഷവും എ.പി.എൻ.എ.വൈയിൽനിന്ന് മൂന്നര ലക്ഷവും അനുവദിച്ചെങ്കിലും കിട്ടിയില്ല. വസ്തു സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം നിലനിൽക്കുന്നതിനാൽ സമ്മതപത്രം നൽകാത്തതാണ് തടസ്സം. ലൈഫ് പദ്ധതിയിൽ വീടിെൻറ ആനുകൂല്യം ലഭ്യമാക്കാൻ നടപടി എടുക്കാമെന്ന് സ്ഥലം സന്ദർശിച്ച എം. സ്വരാജ് എം.എൽ.എ പറഞ്ഞു. സമ്മതപത്രം നൽകാൻ തടസ്സം നിൽക്കുന്നവരുമായി സംസാരിക്കുമെന്നും എം.എൽ.എ പറഞ്ഞു. വീട് നിർമിച്ചുനൽകാൻ തയാറാണെന്ന് മരട് നവധാര ക്ലബ് ഭാരവാഹികളായ കൗൺസിലർ എം.പി. സുനിൽകുമാർ, ടി.എ. സുബൈർ എന്നിവർ അറിയിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു പള്ളുരുത്തി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം നവംബർ ആറുമുതൽ പത്തുവരെ പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ കെ.എ. വഹീദ അധ്യക്ഷത വഹിച്ചു. കൺവീനർമാർ: എൽ. ശ്രീകുമാർ (രജിസ്ട്രേഷൻ), പി.എം.സുബൈർ (റിസപ്ഷൻ), ടി.കെ. ഷിബു (പ്രോഗ്രാം), പി.കെ. ഭാസി (ഭക്ഷണം), പി.ജി. സേവ്യർ (പ്രകാശവും വെളിച്ചവും), കെ.എ. ഡെറിൻ (പന്തൽ), കെ.ബി. ഇന്ദുഗോപാൽ (ട്രോഫി), പി. പുരുഷോത്തമൻ (പ്രചരണം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.