കൊച്ചി: നഗരത്തിെൻറ ശ്വാസകോശമെന്ന് അറിയപ്പെടുന്ന മംഗളവനം, തീരദേശ മേഖലയെ സംരക്ഷിച്ചുനിർത്തുന്ന കണ്ടൽ വനങ്ങൾ, കായലുമായും കടലുമായും ബന്ധപ്പെട്ട ആവാസ വ്യവസ്ഥയും മത്സ്യസമ്പത്തും... ജൈവവൈവിധ്യ സമ്പന്നമാണ് കൊച്ചി. എന്നാൽ, ജൈവവൈവിധ്യ സംരക്ഷണത്തിൽ പിന്നിലും. സംസ്ഥാനത്ത് ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കി സമർപ്പിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കൊച്ചി നഗരസഭയുടെ സ്ഥാനം. 2002ലാണ് രാജ്യത്തെ ജൈവവൈവിധ്യം പരിപാലിക്കുന്നതിന് പാർലമെൻറിൽ ജൈവവൈവിധ്യ നിയമം പാസാക്കിയത്. തുടർന്ന് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും അതിന് കീഴിൽ സംസ്ഥാന ബോർഡും രൂപവത്കരിച്ചു. ഓരോ പ്രദേശത്തിെൻറയും പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിെൻറയും അവസ്ഥയെന്തെന്ന് രേഖപ്പെടുത്താനാണ് ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കാൻ ബോർഡ് തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. 2050-ഓടെ ലോകത്തെ 70 ശതമാനം ജനങ്ങളും നഗരവാസികളായിത്തീരുമെന്നും ഇത് ജൈവവൈവിധ്യ മേഖലകളെ ആശങ്കയിലാക്കുമെന്നുമുള്ള പഠനത്തിെൻറ അടിസ്ഥാനത്തിലാണ് നഗരങ്ങളിൽ ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചത്. പ്രദേശത്തെ ആവാസ വ്യവസ്ഥയെ വിലയിരുത്തുക, തദ്ദേശീയമായ ജൈവവൈവിധ്യ തന്ത്രങ്ങളും കര്‍മപദ്ധതികളും ആവിഷ്കരിക്കുക, കൃത്യമായ പഠനങ്ങൾക്കുശേഷം അവ പ്രാവർത്തികമാക്കുക എന്നിവയായിരുന്നു ലക്ഷ്യം. എന്നാൽ, ആഗസ്റ്റ് 31ന് കേരള ജൈവവൈവിധ്യ ബോർഡ് പ്രസിദ്ധീകരിച്ച പട്ടികയിൽ 96 തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയിൽ 80 പഞ്ചായത്തുകളും ഒമ്പത് മുനിസിപ്പാലിറ്റികളും മാത്രമാണ് ഏറെക്കുറെ രജിസ്റ്റർ തയാറാക്കിയത്. കൊച്ചി നഗരസഭയിൽ പ്രവർത്തനങ്ങൾ ഇപ്പോഴും ശൈശവദശയിലാണ്. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനും ആരും നോക്കാനില്ലാതെ പ്രദേശങ്ങൾ നശിക്കുന്നത് ഒഴിവാക്കാനുമാണ് ജൈവവൈവിധ്യ രജിസ്റ്റർ. സമ്പൂർണ നഗരവത്കരണത്തിലേക്ക് അതിവേഗം ഗമിക്കുന്ന കൊച്ചിയിൽ വികസന പ്രവർത്തനങ്ങളുടെ പേരിൽ നശിപ്പിക്കപ്പെടുന്നതും പരിസ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കുന്നതിൽ കാലതാമസം വന്നുകൂടാ. രജിസ്റ്റർ തയാറാക്കി ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾക്ക് ഉടൻ രൂപംനൽകുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. എത്രയും വേഗം അവ പ്രാവർത്തികമാക്കുമെന്നും നഗരസഭ വൃത്തങ്ങൾ അറിയിച്ചു. ജർമൻ സഹായത്തോടെ കൊച്ചിയിൽ പദ്ധതികൾ കൊച്ചി: ജർമൻ സഹായത്തോടെ നഗരത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ബൃഹത്പദ്ധതികൾ നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇൻററാക്ട്-ബയോ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിൽ നവീന ആശയങ്ങളാണ് ഉരുത്തിരിഞ്ഞത്. കൊച്ചിയിൽ ബൊട്ടാണിക്കൽ പാർക്ക് വേണമെന്നതായിരുന്നു പ്രധാന ആവശ്യം. കനാൽ-കായൽ പരിസ്ഥിതികൾ സംരക്ഷിക്കണം, കണ്ടൽ സംരക്ഷണത്തിന് പ്രത്യേക മാർഗനിർദേശം കൊണ്ടുവരണം, കണ്ടൽപാർക്കുകൾ നിർമിക്കണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങൾ. മേയർ സൗമിനി ജയിൻ, ജൈവവൈവിധ്യ ബോർഡ് ചെയർമാൻ എസ്.സി. ജോഷി, നഗരാസൂത്രണ സമിതി ചെയർപേഴ്സൻ ഷൈനി മാത്യു, കോഒാഡിനേറ്റർ മോണാലിസ, സി.ജെ. അലക്സ് എന്നിവർക്കൊപ്പം ജൈവവൈവിധ്യ സംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും പങ്കെടുത്തു. നഗരാസൂത്രണത്തിൽ ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുക, നഗര വൈവിധ്യ കർമപദ്ധതികളെ പിന്തുണക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയിൽ പനാജി, മംഗലാപുരം എന്നിവക്കൊപ്പമാണ് കൊച്ചിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തെരഞ്ഞെടുത്തത്. പശ്ചിമഘട്ടത്തോട് അടുത്ത, വളരുന്ന നഗരമായാണ് കൊച്ചിയെ കണക്കാക്കുന്നത്. ആഗോള സുസ്ഥിര വികസനത്തിന് മുനിസിപ്പാലിറ്റികളുടെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച ഇൻറര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ലോക്കല്‍ എന്‍വയണ്‍മെൻറല്‍ ഇനിഷ്യേറ്റിവാണ് (ഐ.സി.എൽ.ഇ.ഐ) പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര കാലാവസ്ഥ സംരംഭം വഴി ജര്‍മന്‍ ഫെഡറല്‍ പരിസ്ഥിതി മന്ത്രാലയമാണ് ഫണ്ട് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.