ആലപ്പുഴ നഗരസഭയിൽ കൈയാങ്കളി; കൗൺസിലർമാർ ഏറ്റുമുട്ടി

ആലപ്പുഴ: നഗരസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കൈയാങ്കളിയും ഏറ്റുമുട്ടലും പോർവിളിയും അസഭ്യവർഷവും. ഉച്ചക്ക് രണ്ടിന് തുടങ്ങിയ കൗൺസിൽ യോഗത്തിൽ 3.30 ഒാടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. വനിത കൗൺസിലറെ അപമാനിച്ചെന്ന് ആരോപിച്ചാണ് സി.പി.എം നേതൃത്വത്തിൽ പ്രതിഷേധമുയർത്തിയത്. നേരിടാൻ യു.ഡി.എഫ് കൗൺസിലർമാർ എത്തിയതോടെ പോർവിളിയായി. കോൺഗ്രസ് അംഗം ബഷീർ കോയാപറമ്പനാണ് വനിത അംഗത്തെ ആക്ഷേപിച്ചതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. സംഘർഷത്തിനിടെ ചെയർമാൻ തോമസ് ജോസഫ് കുഴഞ്ഞുവീണു. മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടി​െൻറ ഫയലുകൾ കാണാതായ സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനെതിരെ സമരം ചെയ്തവർക്ക് നഗരസഭ സെക്രട്ടറി യു.ബി. സതീഷ്കുമാർ ശമ്പളം നൽകിയത് വിവാദമായിരുന്നു. സെക്രട്ടറിയുടെ നടപടി ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെങ്കിലും എല്ലാം ബഹളത്തിൽ മുങ്ങി. വനിത കൗൺസിലറെ അപമാനിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം ഡയസിന് മുന്നിൽ എത്തി ബഹളം വെച്ചു. യു.ഡി.എഫ് കൗൺസിലറെ സംരക്ഷിക്കാൻ ഭരണപക്ഷവും രംഗത്തെത്തിയതോടെയാണ് കൈയാങ്കളിയായത്. ചെയർമാൻ ഇരുകൂട്ടരെയും ചർച്ചക്ക് ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. യോഗം 10 മിനിറ്റ് നിർത്തിവെക്കുന്നതായി ചെയർമാൻ അറിയിെച്ചങ്കിലും ബഹളമടങ്ങിയില്ല. കൗൺസിലർമാർ പോർവിളി തുടർന്നു. ഇതോടെ ചെയർമാൻ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പൊലീസ് പോയതോടെ ബഹളം ഉച്ചസ്ഥായിയിലായി. അതിനിടെ, എല്ലാ അജണ്ടയും പാസാക്കിയെന്നും നടപടി അവസാനിപ്പിച്ചെന്നും അറിയിച്ച് ചെയർമാൻ ഹാൾ വിട്ട് പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഇരുവാതിലും അടക്കാൻ ശ്രമിച്ചതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ചെയർമാനെ പുറത്തുകൊണ്ടുവരാൻ യു.ഡി.എഫ് കൗൺസിലർമാർ എത്തിയത് ബലാബലത്തിലെത്തി. ചെയർമാനുനേരെ കസേര എറിയാൻ ശ്രമം നടന്നു. പിടിവലിക്കിടെ കുഴഞ്ഞുവീണ ചെയർമാൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വനിത കൗൺസിലറെ അസഭ്യം പറഞ്ഞ യു.ഡി.എഫ് കൗൺസിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണ​െൻറ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭ കവാടത്തിൽ കുത്തിയിരുന്നു. പിന്നീട് ഇരുകൂട്ടരും നഗരത്തിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.