ആലുവ: ഞായറാഴ്ച വൈകീട്ട് ആലുവ മേഖലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. ആലുവ നഗരത്തിലെ ശാസ്ത ക്ഷേത്രത്തിലെ 200പരം വർഷം പഴക്കം കരുതുന്ന കൂറ്റൻ ആൽമരം കടപുഴകി. തൊട്ടടുത്ത കെട്ടിടത്തിലും കാറിലേക്കും വീണ് നാശനഷ്ടമുണ്ടായി.ആലുവ നഗരത്തിൽനിന്ന് ദേശീയ പാതയിലേക്കുളള റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ യു.സി കോളജ് മില്ലുപടിയിൽ കനത്ത കാറ്റിൽ ദിനനാഥ് എന്നയാളുടെ വീടിന്റെ മേൽക്കൂര പറന്നുപോയി. ആലുവ ചെമ്പകശ്ശേരി കടവ്റോഡിൽ വൻമരം കടപുഴകി റോഡിന് കുറുകെ വീണു. മരം വെട്ടിമാറ്റാനും രക്ഷാപ്രവർത്തനത്തിനുമായി ആലുവ അഗ്നിരക്ഷാനിലയത്തിലേക്ക് 25ലധികം വിളികളാണ് എത്തിയത്. പരക്കെ വൈദ്യുതി തകരാറുമുണ്ട്.
ചെങ്ങമനാട്: ദേശം-കാലടി റോഡിൽ ദേശം, ഗാന്ധിപുരം, പുറയാർ, കൊണ്ടോട്ടി തുടങ്ങിയ പ്രദേശങ്ങളിൽ ഞായറാഴ്ച വൈകീട്ട് അരമണിക്കൂറോളം നീണ്ട ആഞ്ഞടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വ്യാപക നാശം. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും മീതെ വൻ മരങ്ങൾ കടപുഴകി വീണു. അപകടത്തിൽനിന്ന് പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ദേശീയപാതയിൽ കരിയാട്, അത്താണി ഭാഗങ്ങളിലും കാറ്റിൽ നാശം സംഭവിച്ചിട്ടുണ്ട്. പുറയാർ ഭാഗത്ത് പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ ഒടിയുകയും, ലൈനുകൾ പൊട്ടിവീഴുകയും ചെയ്തതിനാൽ മേഖലയിൽ വൈദ്യുതിബന്ധവും നിലച്ചു. കൃഷികളും കാറ്റിലുണ്ടായ കെടുതിയിൽ നശിച്ചു. ദേശം-കാലടി റോഡിലുടനീളം ചെറുതും, വലുതുമായ മരങ്ങൾ വീണ് മണിക്കൂറോളം ഗതാഗതവും മുടങ്ങി. ജനപ്രതിനിധികൾ വഴിയും, മറ്റും നാശനഷ്ട കണക്കുകൾ വിലയിരുത്തിവരുകയാണ്. പലയിടത്തും ചുഴലിക്കാറ്റാണ് വീശിയത്. കാറ്റ് നാശം വിതച്ചതോടെ മരം വെട്ട് ജോലിക്കാർ രാത്രിയിലും മരങ്ങൾ നീക്കാനുള്ള തീവ്രശ്രമത്തിലാണ്. മിക്കയിടങ്ങളിലും വീട്ടുകാർ രാത്രിയിലും ഒടിഞ്ഞുവീണ മരങ്ങൾ വെട്ടിനീക്കുകയായിരുന്നു. വൈദ്യുത ജീവനക്കാർ പുതിയ പോസ്റ്റുകൾ സ്ഥാപിക്കാനും, ലൈനിൽ അറ്റകുറ്റപ്പണി നടത്താനും രാത്രിയിലും ശ്രമം തുടരുകയാണ്.
അത്താണി ഐശ്വര്യ നഗറിൽ പഴയ ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കണിക്കൊന്നയുടെ കൊമ്പ് ഒടിഞ്ഞുവീണ് കാർ ഭാഗികമായി തകർന്നു. ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിന്റെ ബോർഡുകൾ കാറ്റിൽ നിലംപൊത്തി. 11 കെ.വി വൈദ്യുതി ലൈനിലേക്ക് വടവൃക്ഷത്തിന്റെ കൊമ്പുകൾ ഒടിഞ്ഞുവീണു. ഇവിടേയും മരം വെട്ടിമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
കീഴ്മാട്: കുട്ടമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും കനത്ത കാറ്റിലും മഴയിലും കൃഷിനാശവും നാശനഷ്ടവും. വാഴ, ജാതി തുടങ്ങിയവ ഒടിഞ്ഞു. മറ്റ് വലിയ മരങ്ങൾ കടപുഴകി വീണു. കുട്ടമശ്ശേരി പന്തലുമാവുങ്കൽ കവലക്ക് സമീപം പുതിയതായി പണിയുന്ന ഗോഡൗണിന്റെ ഷീറ്റ് പറന്ന് റോഡിലേക്ക് വീണു. ആ സമയത്ത് ആരുമില്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
സൗത്ത് ചാലയ്ക്കലിൽ പകലമറ്റം - കലശുംകാട് മോസ്കോ റോഡിൽ പുളിമരം ഒടിഞ്ഞ് റോഡിലേക്ക് വീണു. വൈദ്യുതി തൂൺ ഒടിഞ്ഞു. ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മോസ്കോയിൽ പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി തൂൺ ഒടിഞ്ഞിട്ടുണ്ട്.
ശ്രീമൂലനഗരം: മേഖലയിൽ വീശിയ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ശ്രീഭൂതപുരത്ത് ആനക്കാടൻ ദേവസിക്കുട്ടിയുടെ വീട്ടിലെ മാവ് കാറ്റിൽ മറിഞ്ഞ് പുതുശ്ശേരി ഡിന്റോ ജോസിന്റെ കാറിന് മുകളിലേക്ക് മറിഞ്ഞു . നിരവധി വൈദ്യുതി തൂണുകളും ഒടിഞ്ഞ് പ്രദേശത്ത് വൈദ്യുതി മുടങ്ങി.
ചൊവ്വര വെള്ളാരപ്പിള്ളി പ്രദേശത്തും മരങ്ങൾ മറിഞ്ഞ് നാശനഷ്ടമുണ്ടായി. തോപ്പിൽ അബ്ദുൽ അസീസിന്റെ വീടിന് മുകളിലേക്കും മരം മറിഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് മറിഞ്ഞ മരങ്ങൾ വെട്ടിമാറ്റി റോഡിലെ തടസ്സങ്ങൾ നീക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജനങ്ങൾക്ക് വലിയ ആശ്വാസമായി.
ആലുവ തുരുത്ത് ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായി. പാപ്പാളി ബൈലൈനിൽ വലിയ തെങ്ങ് വൈദ്യുതി ലൈനിൽ മറിഞ്ഞ് വീണ് രണ്ട് വൈദ്യുതി തൂണുകൾ ഒടിഞ്ഞു.
പറവൂർ/കരുമാല്ലൂർ: ശക്തമായ കാറ്റിലും മഴയിലും പറവൂർ താലൂക്കിലെ വിവിധയിടങ്ങളിൽ കനത്ത നാശം സംഭവിച്ചു. മരങ്ങൾ കടപുഴകിയും,വീടിന്റെയും സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ പറന്നു വീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണുമാണ് കൂടുതൽ നാശ നഷ്ടങ്ങൾ. മരങ്ങൾ വീണും, ലൈനുകൾ തകരാറിലായും നാടാകെ വൈദ്യുതി ബന്ധം തകരാറിലായി. രാത്രി വൈകിയും ഇരുട്ടിൽ തന്നെയായിരുന്നു.
ഏഴിക്കര പഞ്ചായത്തിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം. വാർഡ് അഞ്ചിൽ സുമേഷിന്റെ വീടിനും വാർഡ് നാലിൽ ബേബിയുടെ വീടിനും കേടുപാട് പറ്റി. ഒന്നാംവാർഡിൽ ചെറായി പാലത്തിന് സമീപം പി.ഡബ്ല്യു.ഡി റോഡിൽ മരം മറിഞ്ഞുവീണു. മനക്കപ്പടി - മുറിയാക്കൽ റോഡിലും മരം വീണ് ഗതാഗതതടസ്സമുണ്ടായി.
തീരമേഖലയിൽ എട്ടോളം ചീനവലകൾ ഒടിഞ്ഞുവീണു. പെരുമ്പടന്ന കല്ലുചിറ, പൂയപ്പിള്ളി, ചക്കരക്കടവ് മേഖലയിലെ ചീനവലകളാണ് വീണത്. ചക്കരക്കടവ് ഭാഗത്ത് ഒരു വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി. കല്ലുചറി കോട്ടയ്ക്കാവിൽ ബിബിന്റെ വീടിന്റെ വാട്ടർ ടാങ്കിന്റെ കണക്ഷനുകൾക്ക് മുകളിലേക്ക് അയൽവാസിയുടെ തെങ്ങ് ഒടിഞ്ഞുവീണു.
നഗരസഭ 22ാം വാർഡായ വഴിക്കുളങ്ങരയിൽ മുക്കണ്ണിക്കൽ തോമസിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി നാശനഷ്ടമുണ്ടായി. പാത്തിക്കുളങ്ങര റോഡിൽ കാറ്റിൽ അടയ്ക്കാമരം വൈദ്യുതിലൈനിലേക്ക് വീണു. പെരുവാരം പറപ്പൂരപറമ്പ് നായരുശ്ശേരി എൻ.കെ. ഉഷയുടെ ഓടിട്ട വീടിനുമേൽ രണ്ട് അടയ്ക്കാമരങ്ങൾ കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. വീട് താമസയോഗ്യമല്ലാത്തതായി.
ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് ആലങ്ങാട്, കരുമാലൂർ, മാളിക പീടികയിൽ നിന്നിരുന്ന മരംഒടിഞ്ഞു വീണു. ഫയർഫോഴ്സ് എത്തിയാണ് റോഡിന് കുറുകെ കിടന്ന മരം മുറിച്ചു മാറ്റിയത്. കോട്ടുവള്ളി - പറവൂർ റോഡിൽ കോതകുളം ഭാഗത്തും തെങ്ങ് കടപുഴകി ലൈൻ കമ്പനിയിലേക്ക് വീണു. മന്നം- താണിപ്പാടം റോഡിന് കുറുകെ പോസ്റ്റ് ഒടുഞ്ഞു വീണതോടെ ഗതാഗതം പൂർണമായും നിലച്ചു. തത്തപ്പിള്ളി മേഖലയിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞു വീണതോടെ പോസ്റ്റുകൾ ഒടിയുകയും ലൈൻ കമ്പികൾ പൊട്ടുകയും ചെയ്തു. പല റോഡുകളിലും മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.
കരുമാല്ലൂർ ഭാഗത്ത് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വെളിയത്തുനാട് പത്താം വാർഡ് ഗാന്ധിനഗറിൽ താമസിക്കുന്ന ആശയുടെ വീടിന്റെ മേൽക്കൂരയാണു കാറ്റിൽ പൂർണമായും പറന്നു പോയത്. രോഗിയായ ഭർത്താവ് ദിനനാഥ് വീട്ടിൽ കിടക്കുകയായിരുന്നു. കുടുംബത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ മറ്റൊരിടത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.