ബേപ്പൂർ അപകടം: ബോട്ടിൽ കുരുങ്ങിക്കിടന്നത്​ ഒരു മൃതദേഹം മാത്രമെന്ന്​ തീര രക്ഷാ സേന

കൊച്ചി: ബേപ്പൂരില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട ബോട്ടിൽ ഒരു മൃതദേഹം മാത്രമാണ് ഉണ്ടായിരുന്നതെന്നും കൂടുതൽ ശരീരങ്ങൾ കുടുങ്ങിക്കിടപ്പില്ലെന്നും തീരരക്ഷാ സേന ഹൈകോടതിയിൽ. ബോട്ടിലുണ്ടായിരുന്ന ആറു പേരിൽ രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. ശേഷിക്കുന്ന മൂന്നു പേരെ കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ കരയിലെത്തിക്കാനും കാണാതായവരെ കണ്ടെത്താനും വേണ്ട എല്ലാ നടപടിയും സ്വീകരിച്ചിരുന്നതായി സേന സത്യവാങ്മൂലത്തിൽ അറിയിച്ചു. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന രണ്ടു വാണിജ്യ കപ്പലുകളെ ഇന്ത്യന്‍ തീരം വിടുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ടെന്നും രണ്ടും വിദഗ്ധ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങും മെര്‍ക്കൈൻറല്‍ മറൈന്‍ വകുപ്പും അറിയിച്ചു. അജ്ഞാത കപ്പലിടിച്ച് ദുരന്തത്തിനിരയായ 'ഇമ്മാനുവൽ' ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ നൽകിയ ഹരജിയിലാണ് വിശദീകരണം. ഒക്‌ടോബര്‍ 11ന് രാത്രി ഒമ്പതോടെ ബേപ്പൂര്‍ തീരത്തുനിന്ന് 55 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്ന് തീരസംരക്ഷണ സേനയുടെ വിശദീകരണത്തിൽ പറയുന്നു. നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ ഏകോപനത്തോടെയാണ് അന്വേഷണം നടത്തുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങും മെര്‍ക്കൈൻറല്‍ മറൈന്‍ വകുപ്പും അറിയിച്ചു. 55 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന സംഭവമായതിനാല്‍ അപകടമുണ്ടാക്കിയ കപ്പല്‍ കണ്ടെത്തുന്നതിൽ പരിമിതിയുണ്ട്. ഇരയായവരും വിവിധ ഏജന്‍സികളും നല്‍കിയ വിവരങ്ങളില്‍ വ്യത്യാസമുണ്ട്. അപകടം നടന്ന സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വൈകി വിവരം നല്‍കിയതിലും വിശദഅന്വേഷണം ആവശ്യമാണ്. ശരിയായ വിവരം അറിയാന്‍ മറ്റു രാജ്യങ്ങളുമായി കൂടി സഹകരിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. സംഭവം അറിയിക്കുന്നത് വൈകിയതിനാല്‍ ഇലക്ട്രോണിക് യന്ത്രങ്ങളിലെ രേഖകള്‍ മാഞ്ഞു പോയി. ഇവ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. അപകട സ്ഥലത്തിന് സമീപമുണ്ടായിരുന്ന മറ്റൊരു കപ്പല്‍ സ്ഥലംവിട്ടു പോയിട്ടുണ്ട്. ഇവരോട് രേഖകള്‍ സൂക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഈ കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്നും എം.എം.ഡി പ്രിന്‍സിപ്പല്‍ ഓഫിസര്‍ വ്യക്തമാക്കി. ബോട്ടിൽ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ട മൃതദേഹങ്ങള്‍ വീണ്ടെടുക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോ മറൈന്‍, നേവല്‍ അധികൃതരോ ശ്രമം നടത്തിയില്ലെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.