കൊച്ചി: ദേശീയ പാതക്ക് സമീപം കെട്ടിടം നിർമിക്കാൻ അനുമതി തേടിയ ആളിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് രണ്ടുവർഷം തടവ്. ദേശീയ പാത അതോറിറ്റി ഒാഫ് ഇന്ത്യ പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന തൃശൂർ ചെമ്പുക്കാവ് ശാന്തി റോഡിൽ ബി. വേണുഗോപാലിനെയാണ് (51) എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ആകെ ഏഴ് വർഷം കഠിനതടവ് വിധിച്ചിട്ടുെണ്ടങ്കിലും ശിക്ഷ ഒരുമിച്ച് രണ്ട് വർഷം അനുഭവിച്ചാൽ മതി. വിവിധ വകുപ്പുകളിലായി രണ്ട് ലക്ഷം രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. 2006-2008 കാലഘട്ടത്തിൽ ഇയാൾ പാലക്കാട് പ്രോജക്ട് ഡയറക്ടറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം പാലാ സ്വദേശി കുരുവിക്കുന്നേൽ ജോസാണ് ദേശീയപാതക്ക് സമീപം കെട്ടിടം നിർമിക്കാനുള്ള എൻ.ഒ.സിക്കായി അതോറിറ്റിയെ സമീപിച്ചത്. ഇതിന് വേണുഗോപാൽ കൈക്കൂലി ചോദിച്ചതിനെ തുടർന്ന് ജോസ് സി.ബി.െഎക്ക് പരാതി നൽകി. സി.ബി.െഎ നിർദേശപ്രകാരം 2008 ജൂൺ 10ന് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.