കൊച്ചി: കണ്ടൽ വന സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ട് കൊച്ചിയിൽ പാർക്ക് സ്ഥാപിക്കാൻ പദ്ധതി. കേരള ഫിഷറീസ്, സമുദ്രപഠന സർവകലാശാല (കുഫോസ്) ആണ് മാംഗ്രോവ് ഡെമോൺസ്ട്രേഷൻ ആൻഡ് ടൂറിസം സെൻറർ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. ബാംബു കോർപറേഷെൻറ സഹകരണത്തോടെ ഗവേഷകർ, വിദ്യാർഥികൾ, സഞ്ചാരികൾ, പൊതുജനങ്ങൾ എന്നിവരെ ലക്ഷ്യമാക്കി പ്രകൃതിസൗഹൃദ സംവിധാനങ്ങളോടെ നടപ്പാക്കുന്ന പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാകും. സർവകലാശാലയുടെ കീഴിൽ പുതുവൈപ്പിലുള്ള ഫിഷറീസ് സ്റ്റേഷനിൽ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ഇവിടെയുള്ള 35 ഏക്കറോളം കണ്ടൽ വനത്തിൽ പത്ത് ഏക്കറോളമാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി വിനിയോഗിക്കുക. 28 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് 11 ലക്ഷം രൂപ ശാസ്ത്ര, സാേങ്കതിക വകുപ്പിന് കീഴിലെ സയൻസ് ആൻഡ് എൻജിനീയറിങ് ഗവേഷണ ബോർഡ് നൽകും. ഇടതൂർന്ന കണ്ടൽ വനങ്ങൾ നടന്നുകാണാൻ മുളകൊണ്ട് മേൽപ്പാലങ്ങളും നടപ്പാതകളും നിർമിക്കും. മുളകളിൽ തീർത്ത ഏറുമാടങ്ങളിലിരുന്നും വീക്ഷിക്കാം. വിശ്രമത്തിനും ചൂണ്ടയിടാനും ബോട്ടിങ്ങിനും സൗകര്യം ഒരുക്കും. ലോകത്തെ വിവിധയിനം കണ്ടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെയും ഡോക്യുമെൻററികളുടെയും പ്രദർശനവും ബോധവത്കരണ ക്ലാസുകളുമാണ് മറ്റൊരു ആകർഷണം. വിദ്യാർഥികൾക്കായി കണ്ടൽ പഠനകേന്ദ്രവും വാച്ച് ടവറും നിർമിക്കും. കണ്ടലുകൾക്ക് നാശം വരുത്താതെ പൂർണമായും മുള ഉപയോഗിച്ചാകും നിർമാണപ്രവർത്തനങ്ങൾ. പാർക്കിലെത്തുന്നവർക്കായി ഭക്ഷണം തയാറാക്കുന്നതടക്കം ജോലികൾക്ക് കുടുംബശ്രീ യൂനിറ്റുകളെ നിയോഗിച്ച് തദ്ദേശവാസികൾക്ക് തൊഴിലവസരമൊരുക്കാനും ലക്ഷ്യമിടുന്നു. പദ്ധതി സർക്കാർ ധനസഹായത്തിനായി ആസൂത്രണ ബോർഡിന് സമർപ്പിച്ചിരിക്കുകയാണെന്ന് കുഫോസ് വൈസ് ചാൻസലർ എ. രാമചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്ത് കണ്ടൽ സംരക്ഷണം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് ഫിഷറീസ് സർവകലാശാല. പുതുവൈപ്പിലെ കണ്ടൽ ഗവേഷണ കേന്ദ്രത്തിൽ പ്രതിവർഷം ആയിരക്കണക്കിന് തൈകളാണ് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. -- പി.പി. കബീർ--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.