കൊച്ചി: ബിരുദാനന്തര ബിരുദ പരീക്ഷ മൂല്യനിർണയത്തിൽ ഗ്രേഡിങ് ശൈലി ലംഘിച്ചതിന് 10 ലക്ഷം രൂപ പിഴയടക്കണമെന്ന മഹാത്മാ ഗാന്ധി സർവകലാശാലയുടെ നിർദേശത്തിൽ തരിച്ച് മഹാരാജാസ് കോളജ്. ഗ്രേഡിങ് സംബന്ധിച്ച ആശയക്കുഴപ്പം സമ്മാനിച്ച സാമ്പത്തിക ബാധ്യത മറികടക്കാൻ സർക്കാർ ഇടപെടൽ മാത്രമാണ് പരിഹാരം. സർക്കാർ മേഖലയിലെ സ്വയംഭരണ കോളജെന്ന നിലയിൽ പിഴ അടക്കുന്നത് സംബന്ധിച്ച് സർവകലാശാല കേരള ഹയർ എജുക്കേഷൻ കൗൺസിലിനെ വിവരം അറിയിച്ചിട്ടുണ്ട്. ബിരുദ-ബിരുദാനന്തര തലത്തിൽ ഡയറക്ട് ഗ്രേഡിങ്, ഇൻഡയറക്ട് ഗ്രേഡിങ് ശൈലികളാണ് മൂല്യനിർണയത്തിന് ഉപയോഗിക്കുന്നത്. സർവകലാശാലയും കോളജുകളും ഒാരോ ഉത്തരത്തിനും നേരിട്ട് ഗ്രേഡ് നൽകുന്ന ഡയറക്ട് ഗ്രേഡിങ്ങാണ് പിന്തുടർന്നിരുന്നത്. എന്നാൽ, മാർക്കിലെ വലിയ വ്യത്യാസംപോലും ഫൈവ് പോയൻറ് ഡയറക്ട് ഗ്രേഡിൽ പ്രതിഫലിക്കില്ലെന്ന പരാതിയെത്തുടർന്ന് കേരള ഹയർ എജുക്കേഷൻ കൗൺസിൽ ബി. ഹൃദയകുമാരി കമീഷനെ നിയോഗിച്ചു. സെവൻ പോയൻറ് ഇൻഡയറക്ട് ഗ്രേഡിങ് (ഉത്തരങ്ങളുടെ ആകെ മാർക്കിന് ഗ്രേഡ് നൽകുന്ന രീതി) ആയിരുന്നു 2013ലെ കമീഷൻ റിപ്പോർട്ടിലെ പ്രധാന ശിപാർശ. സിൻഡിക്കേറ്റ് തീരുമാനപ്രകാരം 2015 മുതൽ മഹാരാജാസ് കോളജ് പി.ജിക്ക് ഇൻഡയറക്ട് ഗ്രേഡിങ് നടപ്പാക്കി. എന്നാൽ, സർവകലാശാല പിന്തുടർന്നത് ഡയറക്ട് ഗ്രേഡിങ്ങായിരുന്നു. തുടർന്ന് ശൈലി ലംഘിച്ചതിന് സെൻറ് തേരേസാസ്, ചങ്ങനാശ്ശേരി എസ്.ബി എന്നീ സ്വയംഭരണ കോളജുകൾക്കൊപ്പം മഹാരാജാസിനും പിഴ വിധിച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷന്മാർക്ക് സർവകലാശാല നൽകിയ മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഇൻഡയറക്ട് ഗ്രേഡിങ് ഏർപ്പെടുത്തിയതെന്ന് കോളജ് അധികൃതർ ഹിയറിങ്ങിൽ അറിയിച്ചു. അക്കാദമിക്, ഗവേണിങ് കൗൺസിലുകൾ ഇൻഡയറക്ട് ഗ്രേഡിങ് അംഗീകരിച്ചതും ചൂണ്ടിക്കാട്ടി. എന്നാൽ നടപടിയുമായി സർവകലാശാല മുന്നോട്ടുപോകുകയായിരുന്നു. ഹയർ എജുക്കേഷൻ കൗൺസിലിനോട് തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടു. കോളജിലെ 2015-17 ബാച്ചിലെ 250ഓളം വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റും തടഞ്ഞുവെച്ചു. അതേസമയം, ഇത്രയും തുക ഫീസടക്കാനുള്ള സാമ്പത്തിക സാഹചര്യം കോളജിനില്ലെന്ന് പ്രിൻസിപ്പലിെൻറ ചുമതലയുള്ള ഡോ. പി.എസ്. അജിത പറഞ്ഞു. പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന ആശങ്ക നിലനിൽക്കുകയാണ്. സർക്കാറിൽനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.