നഗരസഭ അടിയന്തര കൗൺസിൽ; ഒരുവിഭാഗം ബഹിഷ്കരിച്ചു

ആലുവ: നഗരസഭയിൽ ചൊവ്വാഴ്ച നടന്ന അടിയന്തര കൗൺസിൽ യോഗം ഒരുവിഭാഗം കൗൺസിലർമാർ ബഹിഷ്കരിച്ചു. ഭരണകക്ഷിയായ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.വി. സരള, ബി.ജെ.പി കൗൺസിലർ എ.സി. സന്തോഷ് കുമാർ, സ്വതന്ത്ര കൗൺസിലർമാരായ കെ. ജയകുമാർ, സെബി വി. ബാസ്‌റ്റിൻ എന്നിവരാണ് കൗൺസിൽ യോഗം ബഹിഷ്കരിച്ചത്. യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ ഇവർ നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യോഗത്തിന് അടിയന്തരപ്രാധാന്യം ഇല്ലാതിരുന്നതിനാലാണ് തങ്ങൾ ബഹിഷ്കരിച്ചതെന്ന് കൗസിലർമാർ പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ളവയെന്ന് പറഞ്ഞ് 12 അജണ്ടയാണ് കൗൺസിൽ യോഗത്തിന് കൊണ്ടുവന്നത്. എന്നാൽ, ഇതിൽ മൂന്നെണ്ണം മാത്രം അടിയന്തര പ്രാധാന്യം ഉള്ളവയും മറ്റുള്ളവ അടിയന്തര സ്വഭാവം ഇല്ലാത്തവയും ആയിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ വളരെ മോശം പ്രതികരണമായിരുന്നു ചെയർേപഴ്സ​െൻറ ഭാഗത്തുനിന്നുണ്ടായത്. കൗൺസിലർ സരളയെ വിദ്യാഭ്യാസയോഗ്യതയുടെ പേരിൽ ആക്ഷേപിക്കുകയും ചെയ്തതായും അവർ ആരോപിക്കുന്നു. കുറച്ചുനാളുകളായി അടിയന്തര കൗൺസിലുകൾ മാത്രമാണ് വിളിക്കുന്നത്. എന്നാൽ, സാധാരണ വിഷയങ്ങളാണ് ചർച്ച ചെയ്യാറുള്ളത്. കൗൺസിലർമാർ വിഷയം പഠിച്ച് യോഗത്തിനെത്തിയാൽ ഭരണപക്ഷത്തിന് പല കാര്യവും നടപ്പാക്കാൻ കഴിയാതെവരും. അതിനുവേണ്ടിയാണ് എപ്പോഴും അടിയന്തര കൗൺസിൽ വിളിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വഴിവിളക്കുകൾ തെളിക്കുന്നതിൽ നഗരസഭ സമ്പൂർണ പരാജയമാണെന്നും കൗൺസിലർമാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.