വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ വൻ രക്തചന്ദന വേട്ട

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലില്‍ വൻ രക്തചന്ദന വേട്ട. രണ്ട് കണ്ടെയ്നറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം. നാൽപത് അടിയുള്ള കണ്ടെയ്നറുകളിൽ 10 ടണ്ണോളം രക്തചന്ദനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കള്ളക്കടത്തിന് പിന്നിലുള്ളവരെപ്പറ്റി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് (ഡി.ആർ.െഎ) അധികൃതർ അന്വേഷണം ഉൗർജിതപ്പെടുത്തി. മുംെബെയിലെ കമ്പനിയാണ് കണ്ടെയ്നറുകൾ ബുക്ക് ചെയ്തത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരാഞ്ഞ് വരുകയാണ്. ഹോങ്കോങ്ങിലേക്കുള്ള കണ്ടെയ്നറുകൾ ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് കപ്പലിൽ ലോഡ് ചെയ്യേണ്ടതായിരുന്നു. കയറുൽപന്നങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമുട്ടികൾ. രഹസ്യ വിവരത്തി‍​െൻറ അടിസ്ഥാനത്തിൽ ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് ശേഖരം പിടിച്ചെടുത്തത്. വല്ലാര്‍പാടം ടെർമിനലിൽ രണ്ട് വർഷം മുമ്പും നികുതി അടക്കാതെ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച 12 ടൺ രക്തചന്ദന ശേഖരം ഡി.ആര്‍.ഐ പിടികൂടിയിരുന്നു. വല്ലാർപാടം വഴിയുള്ള രക്ത ചന്ദനക്കടത്തി​െൻറ ഗുണഭോക്താക്കൾ ആന്ധ്രപ്രദേശിലെ നക്സലുകളാണെന്ന് സൂചന ലഭിച്ചിരുന്നു. രക്തചന്ദനം കടത്തിക്കൊണ്ടുവരുന്ന മേഖലകൾ നക്സലൈറ്റുകളുടെ ശക്തി കേന്ദ്രങ്ങളാണ്. നേരേത്ത 2014ൽ സമാനരീതിയിൽ ടെർമിനലിൽ വൻ രക്തചന്ദന വേട്ട നടന്നപ്പോൾ സി.ബി.െഎ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആന്ധ്ര കാടുകളിൽനിന്ന് വെട്ടിയെടുക്കുന്ന രക്തചന്ദനം കൊച്ചി, മംഗളൂരു പോർട്ടുകൾ വഴി ദുബൈയിലെത്തിച്ച് ഹോങ്കോങ്ങിലേക്കും ചൈനയിലേക്കും കടത്തുന്നതായി സംശയമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.