മട്ടാഞ്ചേരി: ബസ് കഴുകാൻ ഏൽപിച്ചിരുന്നയാൾ മദ്യലഹരിയിൽ ബസ് ഒാടിച്ച് വൈദ്യുതി പോസ്റ്റിലിടിപ്പിച്ചു. ദുരന്തം ഒഴിവായത് തലനാരിഴ വ്യത്യാസത്തിന്. ഞായറാഴ്ച രാവിലെ 6.30 ന് ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ഫോർട്ട്കൊച്ചി--ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന 'റബ്ബാനി'യെന്ന ബസാണ് അപകടം വരുത്തിയത്. രാവിലെ ആദ്യ ട്രിപ്പിനായി സ്റ്റാൻഡിലേക്ക് ബസ് എടുക്കവെയാണ് നിയന്ത്രണംവിട്ട് ഇരുമ്പുപോസ്റ്റിലിടിച്ച് നിന്നത്. ആശുപത്രിക്ക് സമീപമായതിനാൽ സാധാരണ കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാർ ചായയും മറ്റും വാങ്ങാൻ രാവിലെ ഇതുവഴിയാണ് പോകുന്നത്. എന്നാൽ, സംഭവം നടക്കുമ്പോൾ പ്രദേശത്ത് ആരുമില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ഇടിച്ചത് ഇരുമ്പ് പോസ്റ്റിലായതും ദുരന്തസാധ്യത കുറച്ചു. അപകടം വരുത്തിയ ബസ് ജീവനക്കാരൻ ഫോർട്ട്കൊച്ചി സൗത് താമരപ്പറമ്പിൽ പാലാട്ട് ഹൗസിൽ വിജുവിനെതിരെ(42) ട്രാഫിക് പൊലീസ് കേസെടുത്തു. ബസ് ജീവനക്കാരിൽനിന്ന് താക്കോൽ വാങ്ങിയാണ് ഇയാൾ ഒാടിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകർ ഫോട്ടോയെടുക്കുന്നത് ബസ് ജീവനക്കാർ തടഞ്ഞത് ബഹളത്തിനും ഇടയാക്കി. വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. സ്വകാര്യ ബസുകളുടെ ആദ്യ ട്രിപ്പുകൾ ക്ലീനർമാർ അടക്കം ലൈസൻസില്ലാത്തവർ ഓടിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് വണ്ടി കഴുകുന്ന വ്യക്തി ബസോടിച്ച് അപകടം വരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.