എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്​:​ കുട്ടനാട്ടിലും ഇരകൾ

കുട്ടനാട്: എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് തുടര്‍ക്കഥയാവുന്നു. കുട്ടനാട്ടില്‍ സര്‍ക്കാര്‍ മൃഗഡോക്ടറായ മുഹ്സിൻ കോയയും 65 വയസ്സുള്ള രാമങ്കരി മിത്രക്കരി സ്വദേശി സ്ത്രീയുമാണ് തട്ടിപ്പിനിരയായത്. ഇരുവരുടെയും അക്കൗണ്ടുകളില്‍ നിന്നും തട്ടിപ്പുകാര്‍ കവര്‍ന്നത് 63000 രൂപ. എസ്.ബി.ഐ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. അക്കൗണ്ടില്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആധാറുമായി ബന്ധിപ്പിക്കുന്നതിനും എ.ടി.എം കാര്‍ഡ് പുതുക്കുന്നതിനുമായി മൊബൈലിലേക്ക് എത്തുന്ന ഒ.ടി.പി നമ്പർ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടറുടെ മുല്ലയ്ക്കല്‍ എസ്.ബി.ഐയിലുള്ള അക്കൗണ്ടില്‍നിന്നും 25,000 രൂപയും വീട്ടമ്മയുടെ രാമങ്കരി എസ്.ബി.ഐയിലെ അക്കൗണ്ടില്‍നിന്നും 38,000 രൂപയുമാണ് നഷ്ടപ്പെട്ടത്. രാമങ്കരി, പുളിങ്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഇരുവരും പരാതി നല്‍കി. മിത്രക്കരി സ്വദേശിനിയായ വീട്ടമ്മക്ക് ബാങ്കില്‍ നിന്നാണെന്നുപറഞ്ഞ് വിളി വന്നത് ശനിയാഴ്ച വൈകീട്ടോടെയാണ്. ഡോക്ടറെ വിളിച്ചത് ഉച്ചയോടെയും. കേസ് കൂടുതൽ അന്വേഷണങ്ങള്‍ക്കായി സൈബര്‍ സെല്ലിന് കൈമാറിയെന്ന് പുളിങ്കുന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.