മരട്: കാനക്ക് മീതെ സ്ലാബ് വിരിച്ചതിനെത്തുടർന്ന് പാണ്ഡവത്ത് റോഡിെൻറ വീതി കുറഞ്ഞത് ഗതാഗതം താളംതെറ്റിച്ചു. ഇതിനെതിരെ പാണ്ഡവത്ത് റോഡ് െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ മരട് നഗരസഭ ഓഫിസിലെത്തി പ്രതിഷേധിച്ചു. സ്ലാബുകൾ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടൈൽ വിരിച്ച് റോഡിെൻറ വീതി വർധിപ്പിക്കാനുള്ള ജോലി പൂർത്തീകരിച്ചില്ല. ഇതുമൂലം സമീപത്തെ വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്ത സ്ഥിതിയായി. ബുദ്ധിമുട്ട് പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ടൈൽ വിരിക്കാൻ കഴിയില്ലെങ്കിൽ സ്ലാബുകൾ നീക്കി പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും റോഡിലെ വലിയ കുഴിയെങ്കിലും അടച്ച് ഗതാഗത സൗകര്യം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നാല് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് അധികൃതരിൽനിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. അസോസിയേഷൻ ഭാരവാഹികളായ എസ്. ബാലകൃഷ്ണൻ, വി.കെ. ബൽരാജ്, എ.പി. ഡേവിസ് എന്നിവർ നേതൃത്വം നൽകി. കുമ്പളങ്ങിയിൽ മൂന്നുപേർക്ക് നായുടെ കടിയേറ്റു; നായക്ക് പേവിഷബാധയെന്ന് സംശയം പള്ളുരുത്തി: കുമ്പളങ്ങിയിൽ രണ്ട് വിദ്യാർഥികളടക്കം മൂന്ന് പേർക്കും രണ്ട് വളർത്തുനായ്ക്കൾക്കും തെരുവുനായുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പഴങ്ങാട് പള്ളിക്ക് സമീപം നായ മൂന്നുപേരെ കടിച്ചത്. കുമ്പളങ്ങി സെൻറ് അന്ന കോൺവെൻറ് വിദ്യാർഥികളായ വള്ളാംപറമ്പിൽ ഷിജുവിെൻറ മകൻ ആൽവിൻ (ഒമ്പത്), വാക്കാട്ട് അഭിലാഷിെൻറ മകൻ അനന്തകൃഷ്ണ (എട്ട്) എന്നിവർക്കും പ്രായമായ സ്ത്രീക്കുമാണ് കടിയേറ്റത്. കാലിന് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ്ക്ക് പേവിഷബാധയുണ്ടെന്ന് വാർത്ത പരന്നതോടെ വെള്ളിയാഴ്ച നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ശനിയാഴ്ച രാവിലെ വീണ്ടും എത്തിയ നായ് രണ്ട് വളർത്തുനായ്ക്കളെയും കടിച്ചു. തുടർന്ന് നാട്ടുകാർ നായയെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. കുമ്പളങ്ങിയിൽ മിക്കയിടങ്ങളിലും തെരുവ് നായ്ക്കള്‍ പെരുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.