മട്ടാഞ്ചേരി: വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് പാമ്പുശല്യം രൂക്ഷം. ഇടവേളക്കുശേഷമാണ് പാമ്പുകള്‍ കടപ്പുറത്ത് ഇത്രയേറെ കണ്ടുതുടങ്ങിയത്. പായലുകളിലൂടെ വരുന്ന പാമ്പുകള്‍ക്ക് പുറെമ മലമ്പാമ്പുകളും സഞ്ചാരികളുടെ പേടിസ്വപ്നമാകുകയാണ്. നടപ്പാതകളില്‍പോലും പാമ്പുകളുടെ വിളയാട്ടമാണ്. കടപ്പുറത്തെ കല്ലുകള്‍ക്കിടയിലൂടെ വരുന്ന പാമ്പിനെ പലപ്പോഴും സഞ്ചാരികള്‍ ശ്രദ്ധിക്കാറില്ല. പാമ്പ് അടുത്തെത്തി മറ്റാരെങ്കിലും പറയുമ്പോഴാണ് അറിയുന്നത്. കഴിഞ്ഞദിവസം പാമ്പിനെ കണ്ട് ഭയന്നോടിയ വീട്ടമ്മക്കും കുഞ്ഞിനും നിലത്തുവീണ് പരിക്കേറ്റിരുന്നു. കടപ്പുറത്ത് വഴിവിളക്കുകള്‍ തെളിയിക്കാത്തതും സഞ്ചാരികള്‍ക്ക് വിനയായുകയാണ്. ഇരുട്ടായാല്‍ നടപ്പാതയിലേക്ക് ഇറങ്ങുന്ന ഇഴജന്തുക്കളെ കാണാന്‍ കഴിയില്ല. ശക്തമായ പ്രതിഷേധമുയരുമ്പോഴാണ് പലപ്പോഴും വഴിവിളക്കുകള്‍ തെളിയിക്കാന്‍ അധികൃതര്‍ തയാറാകുന്നത്. ദിനേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് രൂക്ഷമായ പാമ്പുശല്യം ഇപ്പോള്‍ ആളുകളെ ഇവിടെനിന്ന് അകറ്റുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.