കൊച്ചി: കേരളത്തിെൻറ വിനോദസഞ്ചാര സാധ്യതകൾക്ക് ഇതര സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും കൂടുതൽ വിപണി കണ്ടെത്താൻ കർമപദ്ധതിയുമായി ടൂറിസം വകുപ്പ്. പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നടക്കം സഞ്ചാരികളെ ആകർഷിക്കാൻ വിപുല പ്രചാരണ പദ്ധതിക്ക് രൂപം നൽകി. ദേശീയ, രാജ്യാന്തര തലങ്ങളിൽ കേരളത്തിെൻറ പ്രകൃതിയും സാംസ്കാരിക പാരമ്പര്യവും തനതുകലകളും പരിചയപ്പെടുത്താൻ 26 കോടിയുടെ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കുപുറമെ സിംഗപ്പൂർ, മലേഷ്യ, അമേരിക്ക, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തുന്ന രാജ്യാന്തര പ്രചാരണത്തിന് ആറുകോടിയാണ് ചെലവിടുന്നത്. സമൂഹമാധ്യമങ്ങൾക്കൊപ്പം വിമാനത്താവളങ്ങൾ, മാളുകൾ, പോർട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാകും പ്രചാരണം. പ്രമോഷനൽ കാമ്പയിൻ ഇൻ യൂറോപ്പ് എന്ന പേരിലുള്ളതാണ് മറ്റൊന്ന്. ടെലിവിഷനുകൾ, കേരള ബ്ലോഗ് എക്സ്പ്രസ്, കൺസ്യൂമർ ട്രാവൽ ഇവൻറ്സ് എന്നിവ ആശ്രയിച്ചുള്ള പ്രചാരണത്തിന് 7.5 കോടി ചെലവഴിക്കും. അഞ്ചുകോടി ചെലവിൽ നടത്തുന്ന ദേശീയ ടെലിവിഷൻ പ്രചാരണവും ആസൂത്രണം ചെയ്തിട്ടുണ്ട്. വിനോദസഞ്ചാര രംഗത്ത് കേരളത്തിെൻറ സവിശേഷതകളെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് 5.4 കോടി നീക്കിവെച്ചു. ദേശീയതലത്തിൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും പ്രത്യേക പദ്ധതി തയാറാക്കിയതായി ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. 3.10 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. തിയറ്ററുകൾ, എഫ്.എം റേഡിയോ, വിമാനത്താവളങ്ങളിലെ ട്രാൻസ്ലൈറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാകും ഇൗ പ്രചാരണം. കഴിഞ്ഞവർഷം 10,38,419 വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചതായാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 6.23 ശതമാനം കൂടുതലാണിത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 5.67 ശതമാനം വർധനയുണ്ടായി. വിദേശ സഞ്ചാരികളിൽനിന്നുള്ള വരുമാനം കഴിഞ്ഞവർഷം 11.51 ശതമാനം വർധിച്ച് 7749.11 കോടിയിലെത്തി. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ വിദേശികൾ കേരളം സന്ദർശിച്ചത്-1,41,143 പേർ. ഏറ്റവും കുറവ് ജൂണിലായിരുന്നു,-37,368 പേർ. പത്ത് വർഷത്തിനിടെ വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. --പി.പി. കബീർ--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.