അനധികൃത ടാക്‌സി സര്‍വിസ്: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കാക്കനാട്: സ്വകാര്യവാഹനം വാടകക്കെടുത്ത് അനധികൃതമായി ടാക്‌സിയാക്കി സര്‍വിസ് നടത്തിയതിനെചൊല്ലി തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്കെതിരെ പ്രതിപക്ഷ ബഹളം. ടാക്‌സിയാണെന്ന വ്യാജേന മഞ്ഞ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച സ്വകാര്യവ്യക്തിയുടെ കാര്‍ നഗരസഭ ഓഫിസിന് മുന്നില്‍നിന്ന് പിടികൂടിയ സംഭവം കൗണ്‍സിലര്‍മാര്‍ക്ക് നാണക്കേടുണ്ടാക്കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വിജിലന്‍സ് റെയ്ഡ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആഴിമതി ആരോപണങ്ങളാണ് ബഹളത്തിന് കാരണം. പ്രതിപക്ഷ കൗണ്‍സിലര്‍ പി.എം. സലീമാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. കള്ള ടാക്‌സിക്ക് അനുമതി നല്‍കിയ സെക്രട്ടറിക്കെതിരെയായിരുന്നു വിമര്‍ശനം. ക്രമക്കേട് പകല്‍പോലെ വ്യക്തമായിട്ടും നടപടിയെടുക്കാത്തത് ആരെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷം ചോദിച്ചു. വിഷയത്തില്‍ വിശദമായി ഫയല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിച്ചില്ല. ഇത് പതിവ് പല്ലവിയാണെന്നും ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍തന്നെ ഫയല്‍ പരിശോധിക്കുമെന്ന് പറയുന്നത് കള്ള​െൻറ കൈയില്‍ താക്കോല്‍ കൊടുക്കുന്നതുപോലെയാണെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. വിമര്‍ശനത്തില്‍ സഹികെട്ട സെക്രട്ടറി കയര്‍ത്തുസംസാരിച്ചത് കൗണ്‍സിലര്‍മാരെ കൂടുതല്‍ പ്രകോപിതരാക്കി. സ്വകാര്യകാറി​െൻറ രേഖകൾ പരിശോധിക്കാതെ വാടകക്കെടുത്തതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാർ തയാറായില്ല. ഒടുവില്‍ ചെയര്‍പേഴ്‌സൻ കെ.കെ. നീനു സെക്രട്ടറിയുടെ രക്ഷക്കെത്തി. ഫയലുകള്‍ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്‌സൻ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്. വീട്ടില്‍ വിജിലന്‍സ് പരിശോധന നടന്ന നഗരസഭ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെയര്‍പേഴ്‌സൻ അറിയിച്ചു. എന്‍ജിനീയറിങ് വിഭാഗത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സീന റഹ്മാന്‍, കൗണ്‍സിലര്‍മാരായ അജിത തങ്കപ്പന്‍, റഫീഖ് പൂതേലി, ലിജി സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.