മാർബിൾ കടക്ക്​ തീ പിടിച്ചു

കളമശ്ശേരി: പൂട്ടിക്കിടന്ന മാർബിൾ കടക്ക് തീ പിടിച്ച് ഓഫിസും ഉപകരണങ്ങളും രേഖകളും കത്തിനശിച്ചു. സൗത്ത് കളമശ്ശേരിയിലെ രാജസ്ഥാൻ മാർബിൾ ഷോപ്പിലാണ് തീ പിടിത്തം. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കമ്പ്യൂട്ടർ ഉൾപ്പെടെ ഓഫിസ് ഉപകരണങ്ങളും നിരവധി രേഖകളും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 8.30ഓടെ കട വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് അകത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചതിനെത്തുടർന്ന് സമീപവാസികൾ പൊലീസിലും തുടർന്ന് ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ഏലൂരിൽനിന്ന് എത്തിയ രണ്ട് ഫയർ യൂനിറ്റ് അര മണിക്കുർ കൊണ്ടാണ് തീ അണച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തംപോലുള്ള അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും സ്ഥാപനത്തിൽ ഇല്ലായിരുന്നു. ഇവ സജ്ജമാക്കിയശേഷമേ സ്ഥാപനം തുറക്കാവൂയെന്ന് ആവശ്യപ്പെടുമെന്നും അഗ്നിശമനസേന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.