കാത്തിരിപ്പിന്​ അറുതി; ചമ്പക്കുളം പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്

കുട്ടനാട്: വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ ചമ്പക്കുളം പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്. പാലം പണിയുടെ അവസാനഘട്ടമായ അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കുന്നതിന് മന്ത്രി തോമസ് ചാണ്ടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി ചർച്ച നടത്തിയിരുന്നു. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് നിർമാണം പാതിവഴിയിൽ നിർത്തിവെച്ചിരുന്ന പാലം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് യാഥാർഥ്യമാകുന്നത്. പാലത്തി​െൻറ കിഴക്കേ കരയിലുള്ള അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തുന്നത് ഏതാണ്ട് പൂർത്തിയായി. പാലത്തി​െൻറ മേൽത്തട്ടിൽ ലോറിയും കരാറുകാര​െൻറ കാറും പരീക്ഷണാർഥം കയറ്റിയപ്പോൾ ഇരുകരകളിലുമായി കണ്ടുനിന്ന നാട്ടുകാരുടെ സന്തോഷം ഇരട്ടിയായി. കഴിഞ്ഞദിവസം വൈകുന്നേരമാണ് പാലത്തി​െൻറ മേൽത്തട്ടിനൊപ്പം മണ്ണ്നിറഞ്ഞതും വാഹനങ്ങൾ പാലത്തിൽ കയറ്റിയതും. ആദ്യമായി വാഹനങ്ങൾ കയറിയപ്പോൾ നാട്ടുകാർ പാലത്തിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് ആഘോഷിച്ചത്. കിഴക്കേ കരക്കൊപ്പം പാലത്തി​െൻറ പടിഞ്ഞാേറ കരയിലും നിർമാണം അവസാനഘട്ടത്തിലാണ്. കിഴക്കേ കരയിൽ 30 മീറ്റർ നീളത്തിലും പടിഞ്ഞാറേ കരയിൽ 120 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ്. കുട്ടനാടിലെ മണ്ണിന് ഉറപ്പുകുറവുള്ളതിനാൽ റോഡ് താഴുന്നതൊഴിവാക്കാൻ നിർമാണത്തിന് മലേഷ്യൻ സാങ്കേതിക വിദ്യയായ മെക്കാഫെറി ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. നേരേത്ത, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പാടശേഖരങ്ങളുടെ ഇരുവശങ്ങളിലും റോഡിനും ഉറപ്പുനൽകാൻ ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. പുണെയിൽനിന്ന് കൊണ്ടുവരുന്ന കമ്പിവലകൾക്കുള്ളിൽ കരിങ്കല്ലുകൾ അടുക്കിയാണ് റോഡി​െൻറ ഇരവശങ്ങളും നിർമിക്കുന്നത്. പിന്നീട് ഇത് മണ്ണിട്ട് നിറക്കുകയാണ് ചെയ്യുന്നത്. പാലത്തി​െൻറ അപ്രോച്ച് റോഡിനായുള്ള കിഴക്കേ കരയിലെ സ്ഥലം നാട്ടുകാർ പിരിവെടുത്ത് വാങ്ങുകയും പടിഞ്ഞാറേ കരയിൽ കല്ലൂർക്കാട് സ​െൻറ് മേരീസ് ബസിലിക്ക സൗജന്യമായി നൽകുകയുമായിരുന്നു. 2009ൽ പാലത്തി​െൻറ നിർമാണോദ്ഘാടനവും 2010 മാർച്ചിൽ നിർമാണവും ആരംഭിച്ചിരുന്നു. ആറുവർഷത്തോളം മുടങ്ങിക്കിടന്ന പാലത്തി​െൻറ പണികൾ മന്ത്രിമാരായ തോമസ് ചാണ്ടി, ജി. സുധാകരൻ എന്നിവരുടെ ശ്രമഫലമായി പുതിയ കരാറുകാരനെ ചുമതലയേൽപിച്ചശേഷമാണ് പുനരാരംഭിച്ചത്. പാലത്തിലെ ഏഴ് സ്പാനുകളുടെ നിർമാണവും കൈവരികൾ സ്ഥാപിക്കുന്ന ജോലിയും പൂർത്തീകരിച്ചുകഴിഞ്ഞു. പാലത്തി​െൻറ അപ്രോച്ച് റോഡി​െൻറ നിർമാണംകൂടി പൂർത്തിയാകുന്നതോടെ ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏറക്കാലത്തെ സ്വപ്നം യാഥാർഥ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.