ആലപ്പുഴ നഗരത്തിൽ വീണ്ടും ഭിക്ഷാടന മാഫിയ -താലൂക്ക് വികസന സമിതി ആലപ്പുഴ: ഒരിടവേളക്ക് ശേഷം നഗരത്തിൽ വീണ്ടും ഭിക്ഷാടന മാഫിയ സജീവമാകുന്നതായി അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. രാത്രിയും പകലും നിരവധി ഇതര സംസ്ഥാന ഭിക്ഷാടകരാണ് നഗരത്തിൽ എത്തുന്നത്. ഇവരെ നിയന്ത്രിക്കാനോ കണക്കെടുക്കാനോ കഴിയുന്നില്ല. ലോഡ്ജുകൾ കേന്ദ്രീകരിച്ചും വീടുകൾ വാടകക്ക് എടുത്തുമാണ് പ്രവർത്തനം. ഒറ്റപ്പെട്ട പ്രദേശങ്ങളിലായി പിടിച്ചുപറികളും മോഷണവും നടക്കുന്നുണ്ട്. ആലപ്പുഴ ബീച്ചിലും റെയിൽവേ സ്റ്റേഷനിലും നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലുമാണ് ഭിക്ഷാടകർ തമ്പടിച്ചിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളജിന് പരിസരത്ത് വിവിധ ലാബുകളിൽ ഒരേ പരിശോധനക്ക് വ്യത്യസ്ത ഫലം ലഭിക്കുന്നതായി യോഗത്തിൽ പരാതി ഉയർന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. ആലപ്പുഴ ബീച്ചിലും പരിസരത്തും മാലിന്യം നിറഞ്ഞിരിക്കുന്നു. അമ്പലപ്പുഴ സൂനാമി കോളനി റോഡ് കൈയേറിയാണ് ഭൂജല വകുപ്പ് കുഴൽക്കിണർ സ്ഥാപിച്ചിരിക്കുന്നതെന്ന് യോഗത്തിൽ ആക്ഷേപം ഉയർന്നു. ഇത് വാഹനയാത്രകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ജി. വേണുലാൽ അധ്യക്ഷത വഹിച്ചു. ആശ സി. എബ്രഹാം, റഹ്മത്ത് ഹാമിദ്, കെ.വി. മേഘനാഥൻ എന്നിവർ പങ്കെടുത്തു. ആലപ്പുഴ ബൈപാസ് മാർച്ചിൽ പൂർത്തിയാകും ആലപ്പുഴ: നിർമാണം പുരോഗമിക്കുന്ന ആലപ്പുഴ ബൈപാസ് 2018 മാർച്ചിനകം പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ. ഇപ്പോൾ നിർമാണ പ്രവർത്തനം 72 ശതമാനം പൂർത്തിയായി. കൊമ്മാടി മുതൽ കളർകോട് വരെ നീളുന്ന ബൈപാസ് നിർമാണം ദീർഘകാലത്തെ അനിശ്ചിതത്വത്തിന് ശേഷം 2015ലാണ് പുനരാരംഭിച്ചത്. ആകെ 278 കോടിയുടെ പദ്ധതിയാണ് ഇത്. ഒരുവർഷത്തിനകം ബൈപാസ് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തൊഴിൽ തർക്കം, മേൽപാലം നിർമിക്കാനുള്ള റെയിൽവേ അനുമതി, ഭൂമി ഏറ്റെടുക്കാനുള്ള തടസ്സം എന്നീ പ്രശ്നങ്ങൾ കാരണം നിർമാണ പ്രവർത്തനങ്ങൾ നീണ്ടു. ഒടുവിൽ കെ.സി. വേണുഗോപാൽ എം.പി ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചു. ടോൾപ്ലാസ, റോഡ് നിർമാണം, തൂണുകളുടെ നിർമാണം, റെയിൽവേ മേൽപാലം നിർമാണം, ഭൂമി ഏറ്റെടുക്കൽ എന്നിവ പൂർത്തീകരിക്കാനായി. ഇനി മേൽപാലത്തിെൻറ ടാറിങ്ങും സ്ലാബുകൾ സ്ഥാപിക്കൽ എന്നിവയാണ് ചെയ്യാനുള്ളത്. തുടർച്ചയായ മഴ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഴ മാറിയാൻ നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.