കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിെൻറ ജയിൽ മോചനത്തിന് വഴിവെച്ചത് അന്വേഷണ സംഘത്തിെൻറയും പ്രോസിക്യൂഷെൻറയും വീഴ്ചകളെന്ന് ആക്ഷേപം. കുറ്റപത്രം സമർപ്പിക്കേണ്ട സമയപരിധി അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കേ ഹൈകോടതിയുടെ പരിഗണനക്കെത്തിയ ജാമ്യാപേക്ഷയെ മുമ്പത്തേതുപോലെ ശക്തമായ വാദങ്ങൾ നിരത്തി എതിർക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. സാധാരണഗതിയിൽ ഇത് തടയാൻ അന്വേഷണം പരമാവധി നേരത്തെ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാറുമുണ്ട്. എന്നാൽ, ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും സമയമുണ്ടെന്നും ജാമ്യം ലഭിച്ചത് തങ്ങളുടെ വീഴ്ചയല്ലെന്നുമാണ് അന്വേഷണ സംഘത്തിെൻറ വാദം. ആഴ്ചകളായി കേസിൽ പുതുതായി ആരെയെങ്കിലും ചോദ്യം ചെയ്യുകയോ പുതിയ തെളിവുകൾ കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. ഇൗ സാഹചര്യത്തിൽ ഇതിനകം തന്നെ കുറ്റപത്രം സമർപ്പിക്കേണ്ടതായിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണാണ് കേസിലെ നിർണായക തെളിവ്. ഇത് ഇനിയും കണ്ടെത്താനായിട്ടില്ല. ഇൗ തെളിവ് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാനും പിന്നീട് ഫോൺ കണ്ടെത്തിയാൽ കുറ്റപത്രം പുതുക്കി നൽകാനും തടസ്സമില്ല. എന്നിട്ടും കുറ്റപത്രം സമർപ്പിക്കാൻ അവസാനദിവസം വരെ കാത്തിരുന്നത് ദിലീപിന് ജാമ്യത്തിന് വഴിയൊരുക്കാനായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദിലീപിനെതിരെ പൊലീസ് ശേഖരിച്ച തെളിവുകൾ പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്തതാണ് കുറ്റപത്രം വൈകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 90 ദിവസം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോടതിയുടെ പരിഗണനക്കെത്തിയ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും വിമർശനമുണ്ട്. ഇത്രയും സുപ്രധാനമായ കേസിൽ പൊതുസമൂഹത്തിൽ ഏറെ സ്വാധീനമുള്ള ദിലീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചുകൊണ്ടാകണം വിചാരണയെന്ന വാദം കോടതിയിൽ ഉന്നയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത ദിലീപിനെ ഇനിയും ജയിലിൽ പാർപ്പിക്കേണ്ടെന്ന നിരീക്ഷണത്തോടെ കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.