കെ. വിനോദ്, ജസ്റ്റിന്‍ ചാര്‍ച്ചില്‍, പി.വി. ഷിവിന്‍
പെരുമ്പാവൂര്‍: പണപ്പിരിവിന്റെ പേരില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഉൾപ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ പിഴയടക്കാനെന്ന പേരില്‍ ലഹരിക്കേസ് പ്രതികളില്‍നിന്ന് പണം പിരിച്ചതിനാണ് പെരുമ്പാവൂര്‍ റേഞ്ച് ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ കെ. വിനോദ്, പ്രിവന്റിവ് ഓഫിസര്‍ ജസ്റ്റിന്‍ ചാര്‍ച്ചില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.വി. ഷിവിന്‍ എന്നിവരെ വിജിലന്‍സ് ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമീഷണര്‍ എം.ആര്‍. അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
റിജുവാന്‍ ഹക് മിര്‍ദ എന്ന അന്തര്‍സംസ്ഥാന തൊഴിലാളിയില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടയില്‍ പ്രതി ജോലി ചെയ്തിരുന്ന സ്ഥാപന ഉടമ വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയായ നടപടി. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ പ്രതി ജോലിചെയ്യുന്ന കമ്പനിയില്‍ എത്തുകയും വിചാരണക്കുമുമ്പ് പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 10,000 രൂപയാണ് ആവശ്യപ്പെട്ടത്. കമ്പനി ഉടമകളുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ പോയതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
ഇവര്‍ക്കെതിരായ തുടരന്വേഷണത്തില്‍ റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്ഥിരം ജാമ്യക്കാരുള്ളതായി കണ്ടെത്തി. പത്തോളം കേസുകളില്‍ ജാമ്യക്കാരനായത് അലി എന്നയാളാണെന്ന് വ്യക്തമായി. 5,000 മുതല്‍ 8,000 രൂപ വരെ പ്രതികളില്‍നിന്ന് വാങ്ങി 500 മുതല്‍ 1000 രൂപ വരെ കമീഷന്‍ എടുത്തശേഷം ബാക്കി തുക ഇന്‍സ്‌പെക്ടര്‍ കെ. വിനോദിനെ ഏൽപിച്ചിരുന്നതായി അലി മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണങ്ങളുണ്ടായത്. ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ പിടിക്കുമ്പോള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കോടതികളില്‍ പിഴ അടക്കുന്നതിന് വലിയ തുക വാങ്ങി നിയമാനുസൃതമായ ചെറിയ തുക പിഴയടച്ച് ബാക്കി കൈവശപ്പെടുത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കൃത്യവിലോപം, അച്ചടക്കലംഘനം, പാരിതോഷികം കൈപ്പറ്റല്‍ എന്നിവ കണ്ടെത്തിയതിനാണ് മൂവര്‍ക്കെതിരെയുള്ള നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അന്വേഷണം നടക്കുമെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ നിരപരാധികളാണെന്ന വാദമുന്നയിച്ച് ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. ജില്ലയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വില്‍പന നടക്കുന്ന പെരുമ്പാവൂരില്‍ എക്സൈസ് നിര്‍വീര്യമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പ്രധാന ഉദ്യോഗസ്ഥര്‍ പണപ്പിരിവിന്റെ പേരില്‍ നടപടിക്കിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.