പങ്കെടുത്ത ഏറ്റവും വലിയ പരിപാടി നെഹ്റുട്രോഫി ഭാഗ്യചിഹ്ന പ്രകാശനം -വിനായകൻ ആലപ്പുഴ: 65ാമത് നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ഭാഗ്യചിഹ്ന പ്രകാശനമാണ് താൻ പങ്കെടുത്ത ഏറ്റവും വലിയ പരിപാടിയെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിനായകൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 15 വർഷം മുമ്പ് വള്ളംകളി കാണാൻ എത്തിയിട്ടുണ്ട്. ഇപ്പോൾ വള്ളംകളിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ആഗസ്റ്റ് 12ന് ഷൂട്ടിങ് ഇല്ലെങ്കിൽ വള്ളംകളി കാണാനെത്തുമെന്നും വിനായകൻ പറഞ്ഞു. യോഗത്തിൽ അധ്യക്ഷത വഹിച്ച എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാനായ കലക്ടർ വീണ എൻ. മാധവന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായശേഷം ആലപ്പുഴയിൽ ആദ്യമായെത്തിയ വിനായകനെ കലക്ടർ പൊന്നാട അണിയിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ്, കൗൺസിലർ എ.എം. നൗഫൽ, സുവനീർ കമ്മിറ്റി കൺവീനർ എ.ഡി.എം എം.കെ. കബീർ, എൻ.ടി.ബി.ആർ സെക്രട്ടറിയായ ആർ.ഡി.ഒ എസ്. മുരളീധരൻപിള്ള, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. രേഖ, ഐ.ടി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ പി. പാർവതീദേവി, ഐ-പി.ആർ.ഡി അസിസ്റ്റൻറ് എഡിറ്റർ എ. അരുൺ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.