കാക്കനാട്: നാടിനെ വിറപ്പിക്കുന്ന നായ്ക്കളെ പിടിക്കാന്‍ കുടുംബശ്രീ വനിതകള്‍ക്ക് ഇനി ധൈര്യമായി രംഗത്തിറങ്ങാം. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍മാരെ നിര്‍വഹണ ഉദ്യോഗസ്ഥരാക്കി തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കിയതോടെ മാസങ്ങളായുള്ള അനിശ്ചിതാവസ്ഥക്ക് പരിഹാരമായി. തദ്ദേശ സ്ഥാപനങ്ങള്‍ തെരുവുനായ്ക്കളുടെ പ്രജനനം തടയാന്‍ വകയിരുത്തുന്ന പദ്ധതിതുക ആര് വിനിയോഗിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓഡിനേറ്ററെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങിയതോടെയാണ് ആശയ കുഴപ്പം നീങ്ങിയത്. തെരുവുനായ്ക്കളെ പിടികൂടി വന്ധീകരിക്കുകയും രണ്ട് ദിവസത്തെ ചികിത്സക്കുശേഷം വിട്ടയക്കുകയുമാണ് കുടുംബശ്രീ വനിതകളുടെ ചുമതല. ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വെറ്ററിനറി ഡോക്ടര്‍മാരെയും പട്ടികളെ പിടികൂടാനുള്ള പ്രത്യേക കൂടുകളും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ തയാറാക്കിയിട്ടുണ്ട്. വന്ധീകരണം നടത്താനുള്ള ക്ലിനിക്കുകള്‍ പതിനാല് ബ്ലോക്ക് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത മൃഗാശുപത്രിയോട് ചേര്‍ന്നാണ് സജ്ജീകരിച്ചിരിക്കുന്നത്. വന്ധീകരണ ശസ്ത്രക്രിയ, ഭക്ഷണം ഉള്‍പ്പെടെ ചികിത്സക്ക് 2100 രൂപ വീതം അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീക്ക് നല്‍കണം. ഇതിനുള്ള ഫണ്ട് ബജറ്റില്‍ വകയിരുത്തി ഡി.പി.സിയുടെ അംഗീകാരത്തോടെയാണ് ചെലവഴിക്കുക. ജില്ലയിലെ പഞ്ചായത്തുകള്‍ ശരാശരി ലക്ഷം രൂപ വീതമാണ് നടപ്പ് വര്‍ഷം വകയിരുത്തിയിട്ടുള്ളത്. ചില മുനിസിപ്പാലിറ്റികള്‍ അഞ്ച് ലക്ഷം വരെ വകയിരുത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തുക വിനിയോഗിച്ചുള്ള കര്‍മ പദ്ധതികളാണ് ആലോചിക്കുന്നതെന്ന് കുടുംബശ്രീ ജില്ല മിഷന്‍ അധികൃതര്‍ വ്യക്തമാക്കി. 38 പഞ്ചായത്തുകളും ഒമ്പത് മുനിസിപ്പാലിറ്റികളിലും എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനോടകം 33 നായ്ക്കളെ പിടികൂടി വന്ധീകരണവും നടത്തി. ഓരോ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും മൂന്ന് മുതല്‍ നാല് വരെ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വനിതകളെയും ഏര്‍പ്പാടാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന 2100 രൂപയില്‍ 500 രൂപ കുടുംബശ്രീ വനിതകള്‍ക്ക് നല്‍കും. പേവിഷബാധ തടയാനുള്ള സുരക്ഷയോടുകൂടിയാണ് വനിതകളെ രംഗത്തിറക്കിയിരിക്കുന്നത്. തുടക്കത്തിൽ വനിതകളാരും രംഗത്തെത്തിയിരുന്നില്ല. നിലവിൽ പത്താം ക്ലാസ് യോഗ്യതയുള്ളവരും 40 കഴിഞ്ഞവരുമായ വനിതകളാണ് കുടുംബശ്രീ പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.