ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ മോദി സാമ്രാജ്യത്വത്തിന് അടിയറവെക്കുന്നു ^വൈക്കം വിശ്വൻ

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ മോദി സാമ്രാജ്യത്വത്തിന് അടിയറവെക്കുന്നു -വൈക്കം വിശ്വൻ കൊച്ചി: ലോകത്തിനുമുന്നിൽ ഇന്ത്യ ഉയർത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങൾ സാമ്രാജ്യത്വത്തിന് അടിയറവെക്കുകയാണ് നരേന്ദ്ര മോദിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ വൈക്കം വിശ്വൻ. ഇസ്രായേലിനെ നയതന്ത്ര പങ്കാളിയാക്കിയ ഇന്ത്യയുടെ വിദേശനയത്തിനെതിരെ സി.പി.എം വൈറ്റില-, എറണാകുളം ഏരിയ കമ്മിറ്റികൾ സംയുക്തമായി വൈറ്റില ജങ്ഷനിൽ സംഘടിപ്പിച്ച ബഹുജനകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടി​െൻറയും മനുഷ്യ​െൻറയും സ്വാതന്ത്ര്യത്തിനും നിലനിൽപിനും വേണ്ടിയുള്ള പോരാട്ടമാണ് ഫലസ്തീൻ ജനത നടത്തുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതു മുതലിങ്ങോട്ട് ഫലസ്തീനികളുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള വിദേശനയമാണ് പിന്തുടരുന്നത്. അതൊരിക്കലും അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറെവക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിൽ അറബികളും മുസ്ലിംകളും ക്രിസ്ത്യാനികളും ആട്ടിയോടിക്കപ്പെടുന്നുവെങ്കിൽ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിലാണ്. വംശീയഹത്യകൾ അരങ്ങേറിയ ഗുജറാത്ത് മറക്കാറായിട്ടില്ല. വംശാധിപത്യത്തി​െൻറ വാളുയർത്തി ജനാധിപത്യമൂല്യങ്ങളെ തകർക്കുന്ന സ്ഥിതിയാണ് ഇസ്രായേലിലും ഇന്ത്യയിലും. ഈ ബന്ധം രണ്ട് കാർക്കോടകൻമാർ തമ്മിലുള്ളതാണ്. പരിഷ്കൃത മനുഷ്യസമൂഹത്തിന് യോജിച്ച ബന്ധമല്ല ഇത്. സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന രാഷ്ട്രശക്തികൾക്കെതിരായ പോരാട്ടത്തിൽ മുഴുവൻ ജനതയും ഒരുമിച്ച് അണിനിരക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്മണി, ജില്ല കമ്മിറ്റിയംഗം അഡ്വ. എം. അനിൽകുമാർ, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. കെ.ഡി. വിൻസൻറ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.