കൊച്ചി: ഷണ്‍മുഖം റോഡിൽ അടക്കം സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് റിലയന്‍സ് റോഡ് വെട്ടിപ്പൊളിച്ച സാഹചര്യത്തിൽ ജില്ലയില്‍ റിലയന്‍സ് നടത്തുന്ന എല്ലാ ജോലികളും റദ്ദാക്കിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട് എറണാകുളം െഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വികസനത്തിൽ വീര്‍പ്പുമുട്ടുകയാണെന്നും ഇൗ കാഴ്ചപ്പാടോടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളിൽ ഏകോപനമില്ലായ്മ പ്രകടമാണ്. സ്വകാര്യമേഖലയിലടക്കം എന്തെല്ലാമാണ് വേണ്ടതെന്നതിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് വേണം. ഇത് മുന്നിൽ കണ്ടുള്ളതാണ് വികസന ഓഡിറ്റ് എന്ന ആശയം. ഇതിന് കോര്‍പറേഷനോ ജി.സി.ഡി.എയോ മുന്‍കൈ എടുക്കണം. മെട്രോ വിട്ടുകളഞ്ഞ വൈറ്റില മുതല്‍ കുന്നറ പാര്‍ക്കുവരെയുള്ള 700 മീറ്റര്‍ റോഡ് നന്നാക്കും. 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാക്കനാട്--മൂവാറ്റുപുഴ റോഡ്, അറ്റ്‌ലാൻറിസ് പാലം തുടങ്ങിയവയുടെ ജോലികളും പൂര്‍ത്തിയാക്കും. എയര്‍പോര്‍ട്ട് --സീപോര്‍ട്ട് റോഡിെൻറ നിര്‍മാണത്തില്‍ വിട്ടുപോയ ഭാഗങ്ങൾ പൂർത്തിയാക്കും. ജില്ലയിലെ കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ അടക്കം പ്രശ്‌നങ്ങള്‍ പരിഹരിക്കും. നാലു റെയില്‍വെ മേൽപാലങ്ങളുടെയും ഇടപ്പള്ളി അടിപ്പാതയുടെയും നിര്‍മാണവുമായി മുന്നോട്ടുപോകും. എച്ച്.എം.ടി ജങ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിഹരിക്കും. അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി നഗരത്തിലെ റോഡ് നവീകരണം അതിവേഗം പൂര്‍ത്തിയാക്കും. കല്‍വത്തി, പുത്തന്‍തോട് പാലങ്ങള്‍ പൊളിച്ചു പണിയുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യും. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമർപ്പിച്ചു. അംഗീകാരം ലഭിച്ചാലുടന്‍ ജോലി തുടങ്ങും. കഴിഞ്ഞ സര്‍ക്കാര്‍ ഇതിനു പണംപോലും അനുവദിക്കാതെയാണ് തറക്കല്ലിട്ടത്. ഹൈകോടതിയുടെ ബലക്ഷയം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുപണിയേണ്ട ആവശ്യമില്ല. 2001---06 കാലത്തായിരുന്നു കെട്ടിട നിര്‍മാണം. കരാറുകാരൻ പറഞ്ഞ എന്‍ജിനീയറെക്കൊണ്ടാണ് പണിചെയ്യിപ്പിച്ചത്. ഇത്തരം നിര്‍മാണം ഭൂഷണമല്ല. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിെൻറ അഭിപ്രായം തേടും. നിര്‍മാണത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ. ജെ. മാക്‌സി, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, പി.ടി. തോമസ്, കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.