ചാരുംമൂട്:- റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴര ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ പന്നിക്കുഴിയിൽ സജി ബാലകൃഷ്ണനെയാണ് (45) നൂറനാട് എസ്.ഐ വി. ബിജുവിെൻറ നേതൃത്വത്തിൽ ഏറ്റുമാനൂരിൽനിന്നും അറസ്റ്റ് ചെയ്തത്. നൂറനാട് ഇടക്കുന്നം ഉമേഷ് ഭവനത്തിൽ ഉമേഷാണ് (30) തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ഉമേഷ് നൂറനാട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരിെകയാണ് ഇയാൾ അറസ്റ്റിലാകുന്നത്. വിവിധ പേരുകളിൽ കണ്ണൂർ, ആലപ്പുഴ കോട്ടയം എന്നീ സ്ഥലങ്ങളിൽ താമസിച്ച് വ്യാജരേഖകളും സർട്ടിഫിക്കറ്റുകളും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. മൂന്ന് വർഷം മുമ്പ് ഉമേഷ് സുഹൃത്ത് മുഖേനയാണ് ഇയാളെ പരിചയപ്പെടുന്നത്. റെയിൽവേയിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും താൻ വിചാരിച്ചാൽ ജോലി വാങ്ങി നൽകാൻ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഉമേഷിനെ വലയിലാക്കുന്നത്. ആദ്യതവണ ഒന്നര ലക്ഷം രൂപ നൽകി. ബാക്കി തുക കോട്ടയം സ്വദേശിനിയായ സജിയുടെ ഭാര്യ ലതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. വീടും സ്വർണവും പണയംവെച്ച് കിട്ടിയ പണമാണ് നൽകിയതെന്ന് ഉമേഷ് പറയുന്നു. ചെന്നൈ, മധുര, സേലം, പാലക്കാട് എന്നിവിടങ്ങളിൽ റിക്രൂട്ട്മെൻറിന് ഹാജരാകണമെന്ന് കാട്ടി വ്യാജ കത്തുകൾ അയച്ച് ഉമേഷിനെ ഈ സ്ഥലങ്ങളിൽ എത്തിച്ചു. കത്തിൽ പറയുന്ന തീയതികളിൽ റിക്രൂട്ട്മെൻറ് നടത്തുന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ എത്തുന്ന ഉമേഷിനെ പുറത്തുനിർത്തി ഓഫിസിനുള്ളിൽ കടക്കുകയും മണിക്കൂറുകൾ കഴിഞ്ഞ് തിരികെ എത്തി റിക്രൂട്ട്മെൻറ് മാറ്റിവെച്ചതായി അറിയിക്കുകയാണ് പതിവ്. കൊട്ടാരക്കര, പാവുമ്പ, അടൂർ, പഴകുളം ഭാഗങ്ങളിൽ ഉള്ളവരിൽനിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായും പൊലീസ് പറയുന്നു. റെയിൽവേയുടെ പേരിലുള്ള വ്യാജ ഐഡൻറിറ്റി കാർഡും പൊലീസ് കണ്ടെടുത്തു. ഇയാളുടെ തട്ടിപ്പിനിരയായവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും നൂറനാട് എസ്.ഐ വി. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.