അവശരായ സഹോദരങ്ങളെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചു

വെള്ളത്തിന് നടുവിൽ ഒറ്റപ്പെട്ട് കുഞ്ഞുകുട്ടിയും കുഞ്ഞുകുഞ്ഞമ്മയും; കൈത്താങ്ങായി ജനമൈത്രി പൊലീസ് ചെങ്ങന്നൂർ: പാടശേഖരത്തി​െൻറ മധ്യഭാഗത്ത് വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ നിരാലംബരായി കഴിഞ്ഞിരുന്ന സഹോദരങ്ങളെ മാന്നാർ ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചു. ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി 17ാം വാർഡിലെ പുങ്കുളം ഒമ്പതാം ബ്ലോക്ക് പുത്തൻതറയിൽ കുഞ്ഞുകുട്ടി (77), സഹോദരി കുഞ്ഞുകുഞ്ഞമ്മ (69) എന്നിവർക്കാണ് ഗാന്ധിഭവൻ തുണയായത്. അവിവാഹിതരായ ഇരുവരും പരാശ്രയത്താലാണ് കഴിഞ്ഞുവരുന്നത്. കുഞ്ഞുകുട്ടിക്ക് എഴുന്നേറ്റുനടക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ കഴിവില്ല. പരിസരവാസികളും മറ്റുമാണ് സഹായങ്ങൾ നൽകിയിരുന്നത്. കാലവർഷമെത്തിയതോടെ യാത്രസൗകര്യങ്ങളില്ലാത്ത ഇവിടേക്കുള്ള വരവ് പ്രയാസമായി. സ്വന്തമായി 23 സ​െൻറ് സ്ഥലമാണുള്ളത്. ഇതിൽ കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ കാലത്ത് വീട് നിർമിച്ചു. എന്നാൽ, പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കിണറും ശൗചാലയവും ഇല്ലാത്തതിനാൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതുമെല്ലാം മുറിക്കുള്ളിൽതന്നെ. സമ്പൂർണ വൈദ്യുതീകൃത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വെളിച്ചം എത്തിയത്. അവശത ആയതിനാൽ റോഡിലെത്തി പൊതുടാപ്പിൽനിന്ന് വെള്ളം ശേഖരിക്കാൻ കഴിയുന്നില്ല. പാടശേഖരത്തിെലെ ജലമാണ് എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്. കുഞ്ഞുകുട്ടിക്ക് മുമ്പ് ഇടിമിന്നലേറ്റിരുന്നു. അന്ന് സഹോദരൻ കുഞ്ഞുചെറുക്കൻ ഇടിമിന്നലിൽ മരിച്ചു. സഹോദരി തങ്കമ്മയെ ആഞ്ഞിലിത്താനത്താണ് വിവാഹം കഴിച്ചിരിക്കുന്നത്. മറ്റൊരു സഹോദരി മോളി നേരത്തേ മരണമടഞ്ഞു. പിന്നീട് കാരാഴ്മ ചന്തക്കുസമീപം വാഹനം ഇടിച്ചതിനെത്തുടർന്ന് നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ കൂലിപ്പണി ചെയ്യാൻപോലും നിവൃത്തിയില്ലാതായി. സഹോദരി കുഞ്ഞുകുഞ്ഞമ്മ വീട്ടുജോലികൾ ചെയ്താണ് കഴിഞ്ഞിരുന്നത്. നാലു വർഷമായി അതിനുപോകാനുള്ള ശാരീരിക അവസ്ഥയില്ലാതായി. തൊട്ടടുത്ത് ഒരു വീട് മാത്രമേയുള്ളൂ. ഇവർ വെള്ളപ്പൊക്കക്കാലത്ത് ഇവിടെനിന്ന് മാറിത്താമസിക്കുന്നതോടെ അയൽബന്ധവും ഇല്ലാതാകും. ദുരിതജീവിതം നയിക്കുന്ന അവസ്ഥയറിഞ്ഞ് ജനമൈത്രി പൊലീസ് സമിതിയെടുത്ത തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഇവരെ വീട്ടിൽനിന്ന് റോഡിലെത്തിച്ചത്. ഇരുവരെയും വീട്ടിൽനിന്ന് കസേരയിലിരുത്തി താൽക്കാലിക ചങ്ങാടത്തിൽ കെട്ടിവലിച്ചും തള്ളി നീക്കിയും കരയിലെത്തിക്കുകയായിരുന്നു. ഹരിപ്പാട് ആയാപറമ്പിെല ഗാന്ധിഭവ​െൻറ പുതിയ അഗതിമന്ദിരത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജയകുമാരി, എസ്.ഐ കെ.ശ്രീജിത്ത്, ജനമൈത്രി പൊലീസ് സമിതി കമ്യൂണിറ്റി റിലേഷൻ ഓഫിസർ അഡീഷനൽ എസ്.ഐ ഐ. റജൂബ്ഖാൻ, സമിതിയംഗങ്ങളായ വി.എ. മുഹമ്മദ് ബഷീർ, അനന്തൻ, അൻഷാദ് മാന്നാർ, സാജു ഭാസ്കരൻ, ഷാജി കടവിൽ, സജി കുട്ടപ്പൻ, എസ്. അനിൽ, അമ്പിളി മോഹനൻ കണ്ണങ്കര, ഹാറൂൺ, ശ്രീലാൽ, ബിനി സതീശൻ, പ്രദേശവാസിയായ കരിയിലത്തറയിൽ എസ്. ഗിരിജ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമകരമായ ദൗത്യം പൂർത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.