എറണാകുളത്ത് രാജ്യാന്തര പ്രദര്‍ശനവേദി പരിഗണനയില്‍ –മന്ത്രി

കൊച്ചി: പരമ്പരാഗത മേഖലയിലേതടക്കം വ്യവസായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിന് എറണാകുളത്ത് രാജ്യാന്തര പ്രദര്‍ശന വേദി സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. ഇക്കാര്യത്തില്‍ ജി.സി.ഡി.എയുടെ സഹകരണം തേടുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ വിപണന യൂനിറ്റായ കൈരളിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച അഖിലേന്ത്യ കരകൗശല, കൈത്തറി പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൈത്തറിയുടെ തനത് സ്വഭാവം നഷ്ടപ്പെടാതെ ചെറിയ തോതിലുള്ള യന്ത്രവത്കരണം അനിവാര്യമാണ്. സ്കൂള്‍ യൂനിഫോമുകള്‍ തയാറാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് പ്രതിമാസം 12,000 രൂപ വേതനം നല്‍കാന്‍ കഴിയുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി ആദ്യവില്‍പന നിര്‍വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പി. കൃഷ്ണകുമാര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍, മാനേജിങ് ഡയറക്ടര്‍ കെ.എന്‍. മനോജ്, അസി.ഡയറക്ടര്‍ എല്‍.ബാലു, സി.ഡി.എസ് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനിത ജ്യോതി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ച് 13 വരെയാണ് മേള. രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെയാണ് മേളയുടെ പ്രവര്‍ത്തനസമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.