ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് 20ാം വാർഡിൽ മാഞ്ഞാലി മാവിൻചുവടിന് സമീപത്തെ റിപ്പബ്ലിക് കനാൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പലയിടത്തും തോട് നാമാവശേഷമായി. പത്തടിയിലധികം താഴ്ചയും 40 അടിയോളം വീതിയുമുണ്ടായിരുന്ന തോടിെൻറ പലഭാഗവും ഇടിഞ്ഞ നിലയിലാണ്. മാഞ്ഞാലി പെരിയാർ മുതൽ ആനച്ചാൽവരെ ഒരുകാലത്ത് ജലഗതാഗതം ഉണ്ടായിരുന്ന തോടാണിത്. കനാലിനോട് ചേർന്ന് മാഞ്ഞാലി പള്ളിയിലേക്കും കൊല്ലംപറമ്പിൽ ക്ഷേത്രത്തിലേക്കും എളുപ്പമാർഗമുണ്ട്. റോഡിലൂടെ ഗതാഗതവും ദുഷ്കരമായി. അടുത്തിടെ തോടിെൻറ വശം ഇടിഞ്ഞതുമൂലം വാഹനം അപകടത്തിൽപെട്ടെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്. എ.ഐ.എസ്.യു.പി.എസ്, എച്ച്.ഡി.പി.വൈ സ്കൂളുകളിലെ വാഹനങ്ങളും ഇതിലൂടെ പോകുന്നുണ്ട്. തോടിെൻറ ശോച്യാവസ്‌ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകുകയും ഗ്രാമസഭകളിൽ പ്രശ്നം അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. നേരത്തേ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നവീകരണം നടത്താറുണ്ട്. ഇപ്പോൾ പലയിടത്തും മാലിന്യം തള്ളിയനിലയിലാണ്. തോട് കാട് കയറിക്കിടക്കുന്നതിനാൽ മാലിന്യം പെട്ടെന്ന് കണ്ടെത്തില്ല. തോട് നവീകരിച്ച് വശങ്ങൾ കെട്ടി സംരക്ഷിക്കണമെന്നും സമീപത്തെ റോഡിന് സംരക്ഷണഭിത്തി കെട്ടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ, ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്താൻ റോഡിെൻറ വീതി കുറവ് തടസ്സമായെന്നും 50 ലക്ഷത്തിലധികം ചെലവ് വരുമെന്നതിനാലാണ് വൈകുന്നതെന്നും പഞ്ചായത്ത് അംഗം എ.എം. അലി പറഞ്ഞു. അനുയോജ്യമായ ഏതെങ്കിലും പദ്ധതിയിൽപെടുത്തി തോടിെൻറയും റോഡിെൻറയും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തരശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.